എരുമേലി :എരുമേലി സ്വദേശി ക്രിസ്റ്റൻ ജോസ് കാനഡയിലെ ടൊറന്റോയിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റു..
ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ, കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പൂർവ വിദ്യാർത്ഥിയാണ്.
കാനഡയിലെ ഏറ്റവും വലിയ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായാണ് തെരഞ്ഞെടുക്കപ്പെട്ടത് . കാനഡയിൽ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ക്രിസ്റ്റൻ. ഇക്കഴിഞ്ഞ ദിവസം അതായത് ഓഗസ്റ്റ് 20-ന് നടന്ന ഔദ്യോഗിക ചടങ്ങിൽ അദ്ദേഹം തന്റെ പൊലീസ് ബാഡ്ജ് സ്വീകരിച്ച് ചുമതലയേറ്റു.
ഏകദേശം 30 ലക്ഷത്തോളം ജനസംഖ്യയുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ ടൊറന്റോയിലെ സുരക്ഷാ ചുമതലയുള്ള ലോകോത്തര പോലീസ് സേനയിലേക്കാണ് ക്രിസ്റ്റൻ തിരഞ്ഞെടുക്കപ്പെട്ടത്. കഠിനമായ ശാരീരികക്ഷമതാ പരീക്ഷണങ്ങൾ, സങ്കീർണ്ണമായ നിയമ-അക്കാദമിക് പരീക്ഷകൾ, മനശാസ്ത്രപരമായ വിലയിരുത്തലുകൾ, വിവിധ തലങ്ങളിലുള്ള ഇന്റർവ്യൂകൾ എന്നിവ ഉൾപ്പെടുന്ന കനത്ത സെലക്ഷൻ പ്രക്രിയ ആദ്യ ശ്രമത്തിൽ തന്നെ ക്രിസ്റ്റൻ വിജയകരമായി മറികടന്നു. 2025-ൽ അപേക്ഷിച്ച അദ്ദേഹത്തിന് 2026 ജനുവരിയിലാണ് പൊലീസ് സേനയിൽ നിന്നുള്ള ഔദ്യോഗിക ഓഫർ ലഭിക്കുന്നത്.
ഒന്റാരിയോ പൊലീസ് കോളേജിലും (OPC) ടൊറന്റോ പൊലീസ് അക്കാദമിയിലുമായിരുന്നു ക്രിസ്റ്റന്റെ കഠിനമായ പരിശീലനം. ഒന്റാരിയോ പ്രവിശ്യയിലെ മുഴുവൻ പൊലീസ് സർവീസുകളിൽ നിന്നുമുള്ള റിക്രൂട്ടുകൾ പങ്കെടുത്ത ഒന്റാരിയോ പൊലീസ് കോളേജ് പരിശീലനത്തിൽ, മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റൻ ‘ടോപ്പ് 25’ റാങ്കിൽ ഉൾപ്പെട്ടാണ് ജൂൺ 26-ന് ഗ്രാജ്വേഷൻ പൂർത്തിയാക്കിയത്. അതിനുശേഷം ടൊറന്റോ പൊലീസ് കോളേജിൽ നിന്നുള്ള അത്യാധുനിക മെട്രോപൊളിറ്റൻ ടാക്റ്റിക്കൽ, ലീഗൽ പരിശീലനങ്ങളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
2018-ലാണ് ക്രിസ്റ്റൻ ജോസ് കാനഡയിലേക്ക് കുടിയേറുന്നത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്നും ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കാനഡയിലെ പ്രമുഖ ബാങ്കായ ടിഡി ബാങ്കിന്റെ ടൊറന്റോയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ഓപ്പറേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. കോർപ്പറേറ്റ് മേഖലയിലെ മികച്ച കരിയർ നിലനിർത്തുമ്പോൾ തന്നെ, സമൂഹത്തെ നേരിട്ട് സംരക്ഷിക്കാനും സേവിക്കാനും സാധിക്കുന്ന ഒരു കരിയറിലേക്ക് മാറണം എന്ന ആഗ്രഹമാണ് ക്രിസ്റ്റനെ പോലീസ് സേനയിലേക്ക് എത്തിച്ചത്. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും കഠിനാധ്വാനവും ഈ ലക്ഷ്യം നേടാൻ തുണയായി. എരുമേലി സ്വദേശികളായ ജോസഫ് സി.എ, മോളി ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ആഷ്മി ക്രിസ്റ്റൻ. സഹോദരി ക്രിസ്റ്റി മരിയ ജോസ് അയർലൻഡിലാണ്. കാനഡയിലെ പ്രവാസി മലയാളി സമൂഹത്തിന് വലിയ പ്രചോദനമാണ് ക്രിസ്റ്റന്റെ ഈ ചരിത്ര നേട്ടം
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.