പ്രവാസി മിഷൻ ജില്ലാ കോർഡിനേറ്റർമാർക്ക് രണ്ടുദിവസത്തെ പരിശീലന ക്യാമ്പ്

Mar 16, 2026
പ്രവാസി മിഷൻ ജില്ലാ കോർഡിനേറ്റർമാർക്ക് രണ്ടുദിവസത്തെ പരിശീലന ക്യാമ്പ്
PRAVASI MISSION

 തിരുവനന്തപുരം:

പ്രവാസി മിഷൻ ജില്ലാ കോർഡിനേറ്റർമാർക്കായി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് ലോക കേരള സഭ സെക്രട്ടേറിയറ്റും നോർക്ക വകുപ്പും ചേർന്ന് സംഘടിപ്പിച്ചു. മാർച്ച് 11, 12 തീയതികളിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് പരിശീലനം നടന്നത്.

പരിശീലന പരിപാടിയെ നോർക്ക വകുപ്പ് സെക്രട്ടറി  അനുപമ ടി.വി. ഐ.എ.എസ് അഭിസംബോധന ചെയ്തു. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ. എൻ. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി മിഷൻ സിഇഒ ആസിഫ് കെ. യൂസഫ് ഐ.എ.എസ് പ്രവാസി മിഷന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു.

നോർക്ക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ച് നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു. കൂടാതെ പ്രവാസി മിഷൻ പോർട്ടലിന്റെ പ്രവർത്തനരീതി പങ്കെടുത്തവർക്കു പരിചയപ്പെടുത്തി. വ്യവസായം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ വിവിധ പദ്ധതികളും വിശദീകരിച്ചു.

രണ്ടാം ദിവസത്തിൽ “പ്രവാസി മിഷനും സംസ്ഥാന ആസൂത്രണ ബോർഡും: ഏകോപന സാധ്യതകൾ” എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ ക്ലാസ് നടത്തി. നോർക്ക വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നോർക്ക റൂട്ട്സ് സിഇഒ  അജിത് കൊളശ്ശേരി വിശദീകരിച്ചു. “പ്രാദേശിക ഭരണ സംവിധാനങ്ങളും പ്രവാസി മിഷൻ ജില്ലാ ഭരണസംവിധാനവും” എന്ന വിഷയത്തിൽ പ്രവാസി മിഷൻ സംസ്ഥാന കോർഡിനേറ്റർ  ബിജു വി.എസ് ക്ലാസ് എടുത്തു.  പ്രവാസി മലയാളികളുടെ (NRKs) നിക്ഷേപങ്ങൾ കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് (OKIH) ന്റെ പുതിയ പദ്ധതിയായ ഷേർപ പോർട്ടലിനേയും പരിശീലനത്തിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി.

ജില്ലാ കോർഡിനേറ്റർമാരുടെ ചുമതലകളും തുടർ പ്രവർത്തനങ്ങളുടെ ആസൂത്രണവും സംബന്ധിച്ച് പ്രവാസി മിഷൻ സിഇഒ  ആസിഫ് കെ. യൂസഫ് ഐ.എ.എസ് വിശദമായി അവതരിപ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള ജില്ലാ കോർഡിനേറ്റർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പ്രവാസി മിഷൻ മുഖേന നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ജില്ലാ കോർഡിനേറ്റർമാർ പങ്കുവെച്ചു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.