മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി ഗഗനചാരി
2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ച വേളയിൽ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി ഗഗനചാരി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗഗനചാരി. ഗോകുല്‍ സുരേഷ് ഗോപി, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘മോക്ക്യുമെന്ററി’ ശൈലിയിൽ ഒരുക്കിയ ചിത്രം നിരവധി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അജിത്ത് വിനായക ഫിലിംസാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.
ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. 'ഗഗനചരി' ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്.ഇതുകൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.