ജമ്മു കശ്മീർ പത്ത് വർഷത്തിന് ശേഷം വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക്;തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ
ന്യൂഡൽഹി: ജമ്മു കശ്മീർ പത്ത് വർഷത്തിന് ശേഷം വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18, രണ്ടാംഘട്ടം സെപ്റ്റംബർ 25, മൂന്നാംഘട്ടം ഒക്ടോബർ 1 എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. 87.09 വോട്ടർമാരാണ് ജമ്മു കാശ്മീരിൻ്റെ ജനാധിപത്യ ഭാഗധേയം നിശ്ചയിക്കുക. 11,838 പോളിങ്ങ് സ്റ്റേഷനുകൾ സജ്ജമാക്കും. ജമ്മു കശ്മീരിൽ 90 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 74 എണ്ണം ജനറൽ സീറ്റുകളാണ്. ഇതിൽ ഒമ്പത് സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിൽ 2014ൽ അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് ബിജെപി പിന്തുണയോടെ പിഡിപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു അക്കാലയളവിലെ മുഖ്യമന്ത്രിമാർ. എന്നാൽ 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് 2019ൽ കശ്മീരിന്റെ സംസ്ഥാന പദവി പിൻവലിക്കുകയും ജമ്മു കശ്മീരും ലഡാക്കുമായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.