നെല്ല് സംഭരണം പുനരാരംഭിക്കും

സർക്കാർ ഇടപെട്ടു, പ്രതിസന്ധി നീങ്ങി;

Mar 25, 2025
നെല്ല് സംഭരണം പുനരാരംഭിക്കും
DISTRICT COLLECTOR KOTTAYAAM

കോട്ടയം: നെല്ലുസംഭരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സർക്കാർ കർഷകരുടെ വിഷയത്തിലിടപെട്ടു പരിഹാരമുണ്ടാക്കിയത്.
 തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു.
 കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു നടക്കുന്ന തിയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മില്ല് ഏതെന്ന് നിശ്ചയിച്ചുനൽകും. അടുത്ത ദിവസംതന്നെ പാടശേഖരസമിതി ഭാരവാഹികളും മില്ലുടമകളും തമ്മിൽ ഗുണനിലവാരം സംബന്ധിച്ച ധാരണയിലെത്തണം. അല്ലെങ്കിൽ പാടശേഖരസമിതിയുടേയും മില്ലുടമാപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന(ക്വാളിറ്റി ചെക്ക്) നടത്തി അതനുസരിച്ച് നെല്ലെടുപ്പിനു ധാരണയുണ്ടാക്കും. ഒരു പാടശേഖരത്തിലെ നെല്ലെടുപ്പിനു മില്ലിനെ നിയോഗിച്ചാൽ കാലതാമസം വരുത്താതെ തന്നെ നെല്ലെടുത്തു തുടങ്ങണമെന്നും മുഴുവൻ നെല്ലും തുടർച്ചയായി എടുക്കണമെന്നും മുടക്കം വരുത്തരുതെന്നും ജില്ലാ കളക്ടർ മില്ലുടമകൾക്കു നിർദേശം നൽകി.
 മഴയടക്കമുള്ള കാലാവസ്ഥപ്രശ്‌നങ്ങൾ മൂലം നെല്ല് കേടാകുന്ന സാഹചര്യമുണ്ടാകുന്നപക്ഷം ഇരുകൂട്ടരും തമ്മിൽ ചർച്ചചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കണമെന്ന് കളക്ടർ നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസൻ, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.
  കേന്ദ്രസർക്കാർ തീരുമാനിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ വിശദികരിച്ചു. നെൽകർഷകർ നേരിടുന്ന പ്രതിസന്ധിയേക്കുറിച്ച് കർഷക സംഘടനാ പ്രതിനിധികൾ വിശദീകരിച്ചു. ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയുണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. നിശ്ചിത നിലവാരമില്ലാത്തതാണ് പ്രശ്നമെന്നും തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായും മില്ലുടമാ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
 പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, പാഡി മാനേജർ കെ. അനിത, പാഡി ഓഫീസർ അനുജ ജോർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി. ബിനു, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കർഷകസംഘടനാപ്രതിനിധികളായ കെ.എം. രാധാകൃഷ്ണൻ, ജി. ഗോപകുമാർ, കെ.കെ. ചന്ദ്രബാബു, ഇ.എൻ. ദാസപ്പൻ, അഡ്വ. ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേൽ, റജീന അഷ്റഫ്, വി.ജെ. ലാലി, കെ. ബിനിമോൻ, ജേക്കബ് കുരുവിള, പി.ബി.ലാലുമോൻ, എ.ജി. അജയകുമാർ, സുനിൽ പി. ജോർജ്, പി.കെ. സജീവ്, ടി.എം. രാജൻ, ചാക്കോ ജോസഫ്, എം.ടി. ജോസഫ്, കെ.വി. ഷാജി, ജിതിൻ ജെയിംസ്, മില്ലുടമാപ്രതിനിധികളായ കെ.കെ. കർണൻ, വർക്കി പീറ്റർ, എൻ.പി. ഷാജു, എ.കെ. ടോമി, ഇ.ജി. സുരേഷ്ബാബു, സജികുമാർ, കെ.എം. അബ്ദുൾ കാസി, ജോൺസൺ വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.



ഫോട്ടോ ക്യാപ്ഷൻ- പാടശേഖരങ്ങളിൽ കൊയ്ത്തു കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.