കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട്കേരള കോണ്‍ഗ്രസ് എം ധര്‍ണ്ണ മാര്‍ച്ച് 27 ന് ഡല്‍ഹിയില്‍
കടല്‍ മണല്‍ ഖനനം പാര്‍ലമെന്റ് ധര്‍ണ്ണ 28 ന്
ന്യൂ ദൽഹി :1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം)എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും മാര്‍ച്ച് 27 ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുകയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.1.വന്യമൃഗ ആക്രമണങ്ങളുടെ ഭയാനക സാഹചര്യം
കേരളത്തിലെ മലയോര മേഖലകളിലുള്ള ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യമൃഗ ആക്രമണങ്ങളാണ് ദിവസവും നടക്കുന്നത്.കേരളത്തിലെ വനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം മൃഗസാന്ദ്രത കാടിനുള്ളില്‍ വര്‍ദ്ധിച്ചിരിക്കുന്നു. പലയിടങ്ങളിലും അപകടകാരികളായ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ മേഖലകളില്‍ എത്തുകയാണ്.മലയോരങ്ങളിലെ മിക്ക ജനവാസ മേഖലകളിലെയും ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ജോലിക്ക് പോകുവാന്‍ മനുഷ്യര്‍ക്ക് കഴിയുന്നില്ല.കര്‍ഷകര്‍ക്ക് കൃഷിഭൂമിയില്‍ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ഏര്‍പ്പെടാനോ ആദായമെടുക്കുന്നതിനോ സാധിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മരണഭീതി ഇല്ലാതെ പോകാനും വരാനും സാധിക്കുന്നില്ല.പല മേഖലകളിലും കടകമ്പോളങ്ങള്‍ തുറക്കുവാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ട്.ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തുമെന്ന മരണ ഭീതിയോടെയാണ് വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ മനുഷ്യര്‍ കഴിയുന്നത്.
- 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ പ്രധാന അപാകത
വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങള്‍ ഭരണകൂടം തെറ്റായി വ്യാഖ്യാനിക്കുകയാണ്.വന്യജീവിസംരക്ഷണ നിയമത്തില്‍ വന്യമൃഗത്തിന് സംരക്ഷണം നല്‍കേണ്ടത് വനത്തിനകത്താണ്. എന്നാല്‍ വനത്തിനുള്ളില്‍ വന്യമൃഗത്തിന് ലഭിക്കേണ്ട അതേ സംരക്ഷണം വനത്തിന് പുറത്തും വന്യമൃഗത്തിന് നല്‍കുന്ന വനംവന്യജീവി വകുപ്പിന്റെയും പോലീസിന്റെയുംജില്ലാ ഭരണകൂടത്തിന്റെയും തെറ്റായ നിയമവ്യാഖ്യാനം തിരുത്തപ്പെടണം. ഇതിന്റെ ഫലമായി ഒരു വന്യമൃഗമോ ഒരുകൂട്ടം വന്യമൃഗങ്ങളോ, ജനവാസ മേഖലയില്‍ പ്രവേശിച്ച് മനുഷ്യരെ കൂട്ടത്തോടെ ആക്രമിച്ചാലും വന്യമൃഗത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷണം നല്‍കുന്നതിനാണ് വനപാലകരും പോലീസും ശ്രമിക്കുന്നത്.ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ആര്‍ക്കും കഴിയുന്നില്ല. വന്യജീവിസംരക്ഷണനിയമത്തിലെ 11 (1) അനുബന്ധിച്ച് ഒരു വന്യമൃഗം അക്രമകാരി ആണെങ്കില്‍ വന്യമൃഗത്തെ മയക്കുവെടി വയ്ക്കുവാനോ വെടിവെച്ചു കൊല്ലുവാനോ വനംവകുപ്പിനോ പോലീസിനോ സാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കാണ്.ഒരു വന്യമൃഗം അല്ലെങ്കില്‍ ഒരു കൂട്ടം വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തി വരുത്താവുന്ന നാശനഷ്ടങ്ങള്‍ മുഴുവന്‍ വരുത്തി കഴിഞ്ഞതിനുശേഷമായിരിക്കും മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ ശേഷം വന്യമൃഗം അക്രമകാരിയാണോ അല്ലയോ എന്നത് സംബന്ധിച്ച ഉത്തരവ് വരുന്നത്.ഈ ഉത്തരവ് പുറത്തുവരുംവരെ ഒരു തരത്തിലുള്ള ആക്രമണങ്ങളുണ്ടായാലും എത്ര മനുഷ്യരെ കൊന്നാലും വന്യമൃഗത്തെ സംരക്ഷിച്ചു നില്‍ക്കുവാനല്ലാതെ വനപാലകര്‍ക്കും പോലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാരിനും കഴിയുന്നില്ല. എന്നാല്‍ 11 (2) പ്രകാരം വനത്തിന് പുറത്ത് അക്രമകാരിയായ ഏത് വന്യജീവിയേയും മനുഷ്യജീവന്‍ രക്ഷിക്കാന്‍ആര്‍ക്കുവേണമെങ്കിലും കൊല്ലാം. എന്നാല്‍ അങ്ങനെ ചെയ്താല്‍ മനുഷ്യര്‍ കേസുകളില്‍ പ്രതിയായി ജയിലിലാകുന്ന വിചിത്രമായ സാഹചര്യം ആണ് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം തെറ്റായി വ്യാഖ്യാനിച്ച് വനംവകുപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഐപിസിയില്‍ പോലും സ്വയരക്ഷക്കായി ഒരാളെ കൊല്ലേണ്ടി വന്നാല്‍ പോലും നിയമപരിരക്ഷ ലഭിക്കുന്ന നാട്ടിലാണ് ഈ വിചിത്ര സാഹചര്യം നിലനില്‍ക്കുന്നത്.
3.1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യ നിര്‍വ്വഹണം.പൗരന്റെ അവകാശങ്ങള്‍ കൃത്യമായി ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനപോലും ചില സ്ഥാപിത താല്‍പര്യക്കാര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകൂടം മടിച്ചുനില്‍ക്കുന്നു. വാസ്തവത്തില്‍ വലിയൊരു ഭരണഘടന പ്രതിസന്ധിയായി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം മാറിയിരിക്കുന്നു.4.ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഡല്‍ഹിയിലെ ഈ സമരം
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം എന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവയ്ക്കുന്നത്.കഴിഞ്ഞ കുറേ നാളുകളായി പാര്‍ലമെന്റിന് അകത്തും പുറത്തും ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി സമര രംഗത്താണ്.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആവശ്യമുന്നയിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും മലയോര ജാഥകള്‍ കേരള കോണ്‍ഗ്രസ് എം നടത്തുകയുണ്ടായി.അതിന്റെ തുടര്‍ച്ചയായിട്ടാണ് മാര്‍ച്ച് 27 ഡല്‍ഹിയില്‍ നടക്കുന്ന സമരം.
5.മനുഷ്യ സുരക്ഷയ്ക്കായി ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണം
വന്യജീവി ആക്രമണങ്ങള്‍ നിത്യേന നടക്കുന്ന സാഹചര്യത്തില്‍ മനുഷ്യ സുരക്ഷക്കായി ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം ദുരന്തമായി (Disaster/Calamity) പ്രഖ്യാപിക്കണമെന്ന സുപ്രധാനമായ ഒരു ആവശ്യം കൂടി കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവയ്ക്കുകയാണ് . ഈ വിഷയം ഒരു സ്വകാര്യ ബില്ലായി രാജ്യസഭയില്‍ അവതരിപ്പിക്കുവാന്‍ എംപി എന്ന നിലയില്‍ ഞാന്‍ ശ്രമിക്കുകയാണ്. വനമേഖല കടന്നുള്ള വന്യജീവി ആക്രമണങ്ങള്‍ ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തി ദേശീയ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യന്നമെന്ന നിര്‍ദ്ദേശമാണ് കേരള കോണ്‍ഗ്രസ് എം ഉന്നയിക്കുന്നത്.സ്വയരക്ഷക്കായി കൊല്ലാനോ മയക്കുവെടി വെക്കാനോ ജനങ്ങളെ അനുവദിക്കണമെന്നത് നിര്‍ദ്ദിഷ്ട ബില്ലിലെ പ്രധാന ആവശ്യമാണ്.6.ജനവാസ മേഖലകളില്‍ വന്യമൃഗ സാന്നിദ്ധ്യമുണ്ടായാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാനുള്ള ചുമതല പോലീസിനും സ്വയരക്ഷക്കായി നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്കും അധികാരം നല്‍കണം
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. ജനവാസമേഖലകളിലേക്ക് കാടുവിട്ട് പുറത്തേക്കിറങ്ങുന്ന വന്യമൃഗങ്ങളെ മനുഷ്യ ജീവന്‍ രക്ഷിക്കായി കൊല്ലാം എന്ന വന്യജീവിസംരക്ഷണ നിയമത്തിലെ 11 (2) നടപ്പിലാക്കുന്ന ജനങ്ങള്‍ക്ക് എല്ലാ നിയമസംരക്ഷണവും ഉറപ്പാക്കുന്ന രീതിയില്‍ വ്യക്തമായ ഉത്തരവ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന വനംവകുപ്പുകള്‍ക്ക് നല്‍കണം. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും ഗുരുതര പരിക്ക് സംഭവിക്കുന്നവര്‍ക്കും സ്വത്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി നല്‍കാനുള്ള ചട്ടം വന്യജീവി സംരക്ഷണ നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തണമെന്നും കേരള കോണ്‍ഗ്രസ് എം ആവശ്യം ഉയര്‍ത്തുകയാണ്
7.കേരളത്തില്‍ ഇനിയും വനവിസ്തൃതി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല.ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന വനാവരണമുള്ള സംസ്ഥാനമാണ് കേരളം
ഭൂവിസ്തൃതി വളരെ കുറവും ജനസാന്ദ്രത വളരെ കൂടുതലുമുള്ള സംസ്ഥാനമാണ് കേരളം.ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം വനവിസ്തൃതി വര്‍ദ്ധിച്ച ഒരു സംസ്ഥാനം കൂടിയാണ് കേരളം .ഐക്യ കേരളം രൂപപ്പെട്ടതിനുശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതി 38852 ചതുരശ്ര കിലോമീറ്ററാണ്.2023ലെ കണക്കനുസരിച്ച് ഈ ഭൂവിസ്തൃതിയിലെ 22059 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളും വനാവരണമാണ്.2017 ല്‍ ഇത് 20321 ച.കി.മീറ്ററായിരുന്നു.2021 ല്‍ 21253ഉം ആയി വര്‍ദ്ധിച്ചു.ചരിത്ര സത്യവും സമകാലീന യാഥാര്‍ത്ഥ്യവും കൈകോര്‍ക്കുന്ന ഈ വസ്തുത മലയോര കര്‍ഷകര്‍ 'പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭൂവിനിയോഗം നടത്തിയതിന്റെ സാക്ഷിപത്രം കൂടിയാണ്.ഇനി ഒരിഞ്ച് സ്വകാര്യഭൂമിയോ റവന്യൂ ഭൂമിയോ വനം ആക്കി മാറ്റേണ്ട ആവശ്യം കേരളത്തിലില്ല. മാത്രമല്ല,വനാവരണം അഥവാ ഫോറസ്റ്റ് കവറേജ് ദേശീയ ശരാശരിയെക്കാള്‍ വളരെയധികം കൂടുതലുള്ള സംസ്ഥാനമാണ് കേരളം.ദേശീയ തലത്തില്‍ വനാവരണം 24.6% ആണെങ്കില്‍ കേരളത്തില്‍ അത് 54.7% ആണ്.
ഈ വസ്തുതകള്‍ കണക്കിലെടുത്ത് വനാതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജനവാസ മേഖലകളുടെ ബാഹുല്യവും വര്‍ദ്ധിച്ച ജനസാന്ദ്രതയും ദിവസേന വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും പരിഗണിച്ച് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനസുരക്ഷ മുന്‍നിര്‍ത്തി ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും കേരള കോണ്‍ഗ്രസ് എം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ കടല്‍ മണല്‍ ഖനന പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. അത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തന്നെ ഇല്ലാതാക്കും.ഇതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്റിലും തീരദേശമേഖലകളിലും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കടല്‍ മണല്‍ ഖനന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യവുമായി 28.03.2025 ന് പാര്‍ലമെന്റ് ധര്‍ണ്ണ നടത്തുന്നതാണ്