കോട്ടയം വാർത്തകൾ ,അപേക്ഷകൾ ,ജോലി ........

ജില്ലാതല സ്പോർട്‌സ് അക്കാദമി സെലക്ഷൻ
കോട്ടയം: കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമി, സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിലേയ്ക്ക് 2025-2026 അധ്യയന വർഷത്തേക്കുള്ള കായിക താരങ്ങളുടെ കോട്ടയം ജില്ലാ സെലക്ഷൻ ( അത് ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ) ഏപ്രിൽ മൂന്നിന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. സ്‌കൂൾ സ്പോർട്സ് അക്കാദമിയിൽ ഏഴ്, എട്ട് ക്ലാസുകളിലേയ്ക്കും പ്ലസ് വൺ, കോളജ് ക്ലാസുകളിലേയ്ക്കുമാണ് സെലക്ഷൻ (നിലവിൽ 6, 7, 10,+2 ക്ലാസുകളിൽ പഠിക്കുന്നവർ). സെലക്ഷനിൽ പങ്കെടുക്കുന്നവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസ്സിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസറ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, സ്‌പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം അന്നുരാവിലെ 8.30 ന് സ്റ്റേഡിയത്തിൽ എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481- 2563825, 8547575248, 9446271892.
(കെ.ഐ.ഒ.പി.ആർ. 616/2025)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസ്.അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ 108-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ്, ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും.
(കെ.ഐ.ഒ.പി.ആർ. 617/2025)
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാല് വർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തതുമായ വാഹനങ്ങൾക്ക് റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്നും റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കും. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. റവന്യൂ റിക്കവറി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ വിശദ വിവരങ്ങൾ ജില്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കൗണ്ടറിൽനിന്ന് ലഭിക്കും. വാഹന ഉടമകൾ ഈ സൗജന്യ നിരക്കിലുള്ള നികുതി ഇളവ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 618/2025)
വിവരാവകാശ കമ്മിഷൻ സിറ്റിംഗ് ഇന്ന്
കോട്ടയം:സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച (മാർച്ച് 26) രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സിറ്റിംഗ് നടത്തും.
(കെ.ഐ.ഒ.പി.ആർ. 619/2025)
തിരുവാതുക്കൽ ജങ്ഷൻ അടച്ചിടും
കോട്ടയം: തിരുനക്കര - തിരുവാതുക്കൽ റോഡിലെ തിരുവാതുക്കൽ ജങ്ഷനിലെ കലുങ്ക് പൊളിച്ച് പുനർനിർമിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച (മാർച്ച് 26) മുതൽ 30 ദിവസത്തേയ്ക്ക് തിരുവാതുക്കൽ ജങ്ഷൻ അടച്ചിടും.
(കെ.ഐ.ഒ.പി.ആർ. 620/2025)
ഗതാഗത നിയന്ത്രണം
കോട്ടയം: ഉഴവൂർ ബ്ലോക്കിലെ കടപ്പാമറ്റം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കെ.ആർ. 07-64 മടയംകുന്ന് - കുറവിലങ്ങാട് - കുര്യം - വില്ലോനികുന്നം റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം മാർച്ച് 26 ന് ആരംഭിക്കുന്ന ടാറിംഗ് നടപടികൾക്ക് മുന്നോടിയായി ജിയോ ഫാബ്രിക് വിരിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തേയ്ക്ക് ഗതാഗതനിയത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 621/2025)
തൊഴിൽമേള 29ന്
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി കല്ലറ പഞ്ചായത്തിന്റെ സഹകരണത്തോടെ, കല്ലറ എസ്.എസ്.വി. യു. പി. സ്‌കൂളിൽ വച്ച് ശനിയാഴ്ച (മാർച്ച് 29) തൊഴിൽമേള നടത്തുന്നു. അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് പത്തിലധികം കമ്പനികൾ അഭിമുഖം നടത്തും. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് മാർച്ച് 26 ബുധനാഴ്ച കല്ലറ പഞ്ചായത്തിൽ നടത്തുന്ന രജിസ്‌ട്രേഷൻ ക്യാമ്പിൽ 250 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563451.