കുടുംബശ്രീ രാജ്യത്തിനാകെ മാതൃക: മന്ത്രി വി.എൻ. വാസവൻ
ഈ വേനലിൽ ജില്ലയിലാകെ മധുരം നിറയും കുടുംബശ്രീ 'വേനൽ മധുരം' തണ്ണിമത്തൻ കൃഷിക്കു തുടക്കം
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന 'വേനൽ മധുരം' തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തണ്ണീർമത്തൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റെടുത്തു നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കുടുബശ്രീ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ 80 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള തീരുമാനം വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിറക്കാനുള്ള തണ്ണിമത്തൻ തൈകൾ സി.ഡി.എസ്. അംഗങ്ങൾക്ക് മന്ത്രി കൈമാറി.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പദ്ധതി വിശദീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. ശശി, കൃഷി ഓഫീസർ ജോസ് കുര്യൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ എൻ.ജെ. റോസമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, കെ.പി. ജോമേഷ് എന്നിവർ പ്രസംഗിച്ചു.
വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനുമായാണ് 'വേനൽ മധുരം' പദ്ധതി ആവിഷ്‌കരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഷുഗർ ബേബി, കിരൺ എന്നീ ഇനങ്ങളുടെ തൈകൾ ലഭ്യമാക്കി കൃഷി ഓഫീസർമാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി നടത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്.
ഫോട്ടോകാപ്ഷൻ
കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന 'വേനൽ മധുരം' തണ്ണിമത്തൻ കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തണ്ണീർമത്തൻ തൈ നട്ട് നിർവഹിക്കുന്നു.