തൊഴിൽതട്ടിപ്പ്: തായ്‌ലാന്റിൽ കുടുങ്ങിയ മലയാളികളെ രാത്രിയോടെ നാട്ടിലെത്തിക്കും

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്

Mar 11, 2025
തൊഴിൽതട്ടിപ്പ്: തായ്‌ലാന്റിൽ കുടുങ്ങിയ മലയാളികളെ രാത്രിയോടെ നാട്ടിലെത്തിക്കും
JOB FRAUD

തായ്‌ലാന്റ്, മ്യാൻമാർ, ലാവോസ്, കംബോഡിയ അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ എട്ട് മലയാളികൾ ഉൾപ്പെടെ 283 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചവരിൽ  മലയാളികളായ എട്ടുപേരെ നോർക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്. അഞ്ചുപേരെ എയർഇന്ത്യാ വിമാനത്തിൽ (AI505) രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇൻഡിഗോ വിമാനത്തിൽ (6E 2189) രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തിക്കും. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ വഴി ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മേഖലയിൽ ഉൾപ്പെടെ വ്യാജ കോൾസെന്ററുകളിൽ സൈബർ കുറ്റകൃത്യങ്ങൾ (സ്‌കാമിങ്ങ്) ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ. മ്യാൻമാർ തായ്‌ലാന്റ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾ  പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്‌ലാന്റിലെ മെയ്സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയുമായിരുന്നു.

തിരിച്ചെത്തിയ മലയാളികളെ ഡൽഹി എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോർക്ക ഓപ്പറേഷൻ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് , കേരളാ പോലീസ്, നോർക്ക റൂട്ട്‌സ്,  എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. പരാതികൾ [email protected][email protected] എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്‌ലൈൻ നമ്പറിലും അറിയിക്കാം. നിങ്ങൾ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് പോകുന്നവരോ പോകാൻ താൽപ്പര്യപ്പെടുന്നവരോ ആണെങ്കിൽ അംഗീകാരമുളള ഏജൻസികൾ വഴിയോ നിയമപരമായോ മാത്രമേ ഇത്തരം യാത്രകൾ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌പോർട്ടൽ    (www.emigrate.gov.in) മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് ലൈസൻസുണ്ടോ എന്ന് പരിശോധിക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.