ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ പ്രത്യേക മെഡിക്കൽ ടീമുകൾ,

പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ

Mar 11, 2025
ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ പ്രത്യേക മെഡിക്കൽ ടീമുകൾ,
attukal ponkala

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയർന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ഡോക്ടമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ഈ ടീമിൽ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 5 മുതൽ 14 വരെ ഒരു മെഡിക്കൽ ടീമിനെ ആംബുലൻസ് ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം മുതൽ മാർച്ച് 14 വരെ മറ്റൊരു മെഡിക്കൽ ടീമിനെ കൂടി ആംബുലൻസ് ഉൾപ്പെടെ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ ഐഎംഎയുടെ മെഡിക്കൽ ടീമുകളും മറ്റ് വിഭാഗങ്ങളുടെ മെഡിക്കൽ ടീമുകളും വിവിധ സ്ഥലങ്ങളിൽ വൈദ്യ സഹായം നൽകും. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.

നഗര പരിധിയിലുള്ള അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. പൊള്ളലേൽക്കുന്നവർക്ക് ഉൾപ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞത് 10 കിടക്കകൾ പ്രത്യേകമായി മാറ്റിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. ഇത് കൂടാതെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നൽകാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കാൻ നിർദേശം നൽകി.

കനിവ് 108ന്റെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂം, പ്രത്യേക സ്‌ക്വാഡുകൾ എന്നിവയും പ്രവർത്തിച്ചു വരുന്നു. അന്നദാനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ആറ്റുകാൽ ദേവീ ആഡിറ്റോറിയത്തിന് സമിപമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂമിൽ അന്നദാനം നടത്തുന്നവർക്കുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്ഷേത്ര പരിസരത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബിന്റെ പ്രവർത്തനവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതുവരെ 1005 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഫെബ്രുവരി മാസം മുതൽ സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഉത്സവത്തോടനുബന്ധിച്ച് സമീപ ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി സ്‌ക്വാഡ് വിപുലീകരിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.