മഴ പെയ്യുമോ? കൃത്യമായി അറിയാൻ 'ഐ ഇൻ ദി സ്‌കൈ'
*മഴപ്രവചനങ്ങൾ നൽകുന്നതിനായി എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം തയ്യാറാക്കി ഐ.സി.സി.എസ.്

കോട്ടയം: രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) തത്സമയ മഴപ്രവചനങ്ങൾ നൽകുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'ഐ ഇൻ ദി സ്‌കൈ' ഐ.സി.സി.എസ.് നൗകാസ്റ്റിംഗ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തുണയേകും. മൊബൈൽ ആപ് വഴി ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണിത് തയ്യാറാക്കുന്നത്.
മഴ കൃത്യമായി പ്രവചിക്കാനാകുന്ന ഈ സംവിധാനത്തിനു പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കാൻ കഴിയും. തീവ്രമഴ സംബന്ധിച്ചും മണ്ണിടിച്ചിൽ സംബന്ധിച്ചും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്കടക്കം ഇത് ഏറെ പ്രയോജനം ചെയ്യും.
ഓഗസ്റ്റ് ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ(കെ.എസ്.സി.എസ്.ടി.ഇ) ഗവേഷണ വികസന ഉച്ചകോടിയിൽ ഐ.സി.സി.എസ് ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്.
കെ.എസ്.സി.എസ്.ടി.ഇ. കീഴിൽ കോട്ടയത്തു കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഐ.സി.സി.എസ് കാലാവസ്ഥാമാറ്റങ്ങൾ കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങൾ, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച മിനി-പോർട്ടബിൾ വെതർ സ്‌റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറിൽ ഐ.സി.സി.എസ.് ഉടൻ ഒപ്പുവെക്കും.
കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളും ഉൾപ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾക്കൂടി പ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ഐ.സി.സി.എസിന് കഴിയുന്നുവെന്ന് ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.
കാലാവസ്ഥാശാസ്ത്ര മേഖലയിൽ സഹകരണ ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) എന്നിവയുമായി ഐ.സി.സി.എസ്. ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർഥികൾക്കും വേണ്ടി ജലശാസ്ത്ര പഠനത്തിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നിരവധി സാങ്കേതിക ശിൽപശാലകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഐ.സി.സി.എസ്. മുൻകൈയെടുക്കുന്നുണ്ട്. കാലാവസ്ഥാ ഗവേഷണത്തിനുള്ള മുൻനിരകേന്ദ്രമാക്കി ഐ.സി.സി.എസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കിഫ്ബി വഴി സംസ്ഥാനസർക്കാർ പിന്തുണ നൽകുന്നുണ്ട്. നിലവിൽ കഞ്ഞിക്കുഴി ദീപ്തിനഗർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം സെപ്റ്റംബറോടെ ഗാന്ധിനഗറിലേക്ക് മാറും.
ഫോട്ടോക്യാപ്ഷൻ: കോട്ടയം കഞ്ഞിക്കുഴി ദീപ്തിനഗർ റോഡിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്.