തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ ഒമ്പതിനും 11നും വോട്ടെടുപ്പ്, 13ന് വോട്ടെണ്ണൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും.
തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2,841 പേർ പ്രവാസി വോട്ടർമാരാണ്.
1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50,691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1,249 റിട്ടേണിംഗ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.
സുരക്ഷയ്ക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50
ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.


