സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്‌കാര സമർപ്പണം നാളെ
മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്‌ത ശില്‌പവുമാണ് പുരസ്‌കാരം.
 
                                    തിരുവനന്തപുരം : മലയാളിയായ പ്രശസ്‌ത ഇന്ത്യൻ ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം സമർപ്പിയ്ക്കുന്നു. കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ സുരേന്ദ്രൻ നായർക്ക് 2022-ലെ പുരസ്‌കാരം സമർപ്പിയ്ക്കുന്നത് സംസ്ഥാന സാംസകാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്. ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്‌ത ശില്‌പവുമാണ് പുരസ്‌കാരം.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ ജൂലൈ 11ന് വൈകുന്നേരം 5 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തിൽ സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്‌ടർ മായ ഐ എഫ് എസ് സ്വാഗതം പറയും. വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമർപ്പിക്കും. ചീഫ് സെക്രട്ടറി ഡോക്‌ടർ വി. വേണു മുഖ്യാതിഥിയായിരിക്കും. കലാചരിത്രകാരൻ, സാംസ്‌കാരിക വിമർശകൻ, ക്യൂറേറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജോണി എം.എൽ. മുഖ്യപ്രഭാഷണം നടത്തും. കേരള ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയർപേഴ്‌സൺ സുജ സൂസൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സുരേന്ദ്രൻ നായർ മറുപടി പ്രഭാഷണവും അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്‌ണൻ നന്ദിയും പറയും.
1956-ൽ എറണാകുളം ജില്ലയിലെ ഓണക്കൂറിലാണ് സുരേന്ദ്രൻ നായരുടെ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് കലയിൽ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ബുരുദാനന്തരബിരുദവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാപഠനത്തിൻ്റെ തുടക്കകാലത്ത് പാശ്ചാത്യകല യുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പാലറ്റിൽ കേരളത്തിൻ്റെ സംസ്‌കാരവും പാരമ്പര്യക ലകളും സമന്വയിച്ചിരിക്കുന്നു. പിന്നീട് സുരേന്ദ്രൻ നായരുടെ കലയിൽ തിയറ്റർ ഒരു പ്രധാന ഘടകമാണ്. അതാകട്ടെ, അനുഷ്‌ഠാനങ്ങളുടെ സൂക്ഷ്‌മ വിശകലനവും സ്വയം പരിവർത്തനവും രൂപങ്ങളുടെയും വാക്കു കളുടെയും പരസ്പര പ്രവർത്തനവുമാകുന്നു. പുതുഅർത്ഥം സൃഷ്ടിക്കുംവിധം വാക്കുകൾ ചിത്രത്തിന്റെ അനിവാര്യ ഘടകമാണ്. സുരേന്ദ്രൻ നായർ ചിത്രങ്ങളിൽ പാരമ്പര്യവും ആധുനികതയും വളരെ സങ്കീർണ്ണ മായി ഇഴചേർന്നിരിയ്ക്കുന്നു. നിഷ്‌കളങ്കമായ നർമ്മത്തിലൂടെയും പ്രത്യേക നോട്ടങ്ങളിലൂടെയും അദ്ദേഹ ത്തിൻ്റെ ചിത്രങ്ങൾ പലപ്പോഴും ഒരു ബഹുമുഖ കാഴ്‌ചയാണ് പ്രദാനം ചെയ്യുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            