ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ ഒന്നാമത് നിരഞ്ജന് ജെ. പിള്ള
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടി.
കേരളത്തിൽനിന്ന് നിരഞ്ജന് ജെ. പിള്ള ഒന്നാമതെത്തി. മാന്നാനം കെഇ സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റ് സ്റ്റഡിസെന്ററില്‍ എന്‍ട്രന്‍സ് പരീശീലനം നേടിയാണ് നിരഞ്ജൻ അഭിമാനനേട്ടം കൈവരിച്ചത്. നിരഞ്ജന് 99.9957573 സ്കോർ ലഭിച്ചു. ഓൾ ഇന്ത്യ റാങ്ക് 110 ആണ്.
ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വിദ്യാർഥികൾ വീതം നൂറുശതമാനം നേട്ടം കൈവരിച്ചു. രാജസ്ഥാൻ (നാല്) ഡൽഹി (മൂന്ന്) മഹാരാഷ്ട്ര, ഹരിയാന (രണ്ട് വീതം), ചണ്ഡിഗഡ്, ബിഹാർ, തമിഴ്നാട്, ഒഡിഷ, ഗുജറാത്ത് (ഒന്നുവീതം) എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും നൂറു ശതമാനം നേട്ടം കൈവരിട്ടു. മുഴുവൻ വിദ്യാർഥികളും ആൺകുട്ടികളാണ്.
ജനുവരിയിൽ നടന്ന ആദ്യ സെഷനിൽ 13 ലക്ഷം വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. ഏപ്രിലിൽ നടന്ന രണ്ടാം സെഷനിൽ പത്തുലക്ഷത്തിലധികം വിദ്യാർഥികളും പങ്കെടുത്തു. രാജ്യത്തെ 304 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 566 പരീക്ഷാ കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്.


