ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം : അടുത്ത അഞ്ചുദിവസം മഴ കനക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിയോടു മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡീഷ തീരത്ത് എത്താൻ സാധ്യതയുണ്ട്.
വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്.