കലാരൂപങ്ങളും വാദ്യമേളങ്ങളുമായി ആലപ്പുഴ നഗരം; നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര

ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി നായർ ഫ്ലാഗ് ഓഫ് ചെയ്തു.

Aug 19, 2026
കലാരൂപങ്ങളും വാദ്യമേളങ്ങളുമായി ആലപ്പുഴ നഗരം; നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര
nehru trophy

ആലപ്പുഴ :നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയുടെ നഗര ഹൃദയത്തിൽ  അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടും വർണ്ണശബളമായ കാഴ്ചകൾ കൊണ്ടും ശ്രദ്ധേയമായി. 

 ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ്  ഘോഷയാത്ര സംഘടിപ്പിച്ചത്.

ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിൻ്റെയും   ആലപ്പുഴ നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ കൾച്ചറൽ കമ്മറ്റി 
സംഘടിപ്പിച്ച 
ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി നായർ  ഫ്ലാഗ് ഓഫ് ചെയ്തു.

ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്നതായിരുന്നു ഘോഷയാത്ര. 

തെയ്യം, പുലിക്കളി, കാവടിയാട്ടം, ഗരുഡൻ പൈറ്റ്, വഞ്ചിപ്പാട്ട്
തുടങ്ങിയ പരമ്പരാഗത കേരളീയ കലാരൂപങ്ങളും   ശിങ്കാരിമേളത്തിൻ്റെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും ആവേശകരമായ താളമേളങ്ങളും ,  അമ്മൻകുടം, ബാൻഡ് സെറ്റ്, നാസിക് ധോൽ  എന്നിവയും അണിനിരന്നപ്പോൾ വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികൾക്ക് അത് അവിസ്മരണീയമായ അനുഭവമായി മാറി.

തുടർന്ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ സാംസ്‌കാരിക ഘോഷയാത്രയുടെ സമാപന സമ്മേളനം നടന്നു. 

ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ ഒരുമയും സ്നേഹവും വിളിച്ചോതുന്ന ജനകീയോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ പറഞ്ഞു.

നെഹ്‌റുട്രോഫി വള്ളം കളി സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച
സമ്മേളനം    ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലോത്സവം എന്നതിലുപരി, വള്ളംകളിയെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും കോർത്തിണക്കുന്ന സാംസ്കാരിക കൂട്ടായ്മയായി ഇത് മാറിയതായി അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ  ജോസ് ചെല്ലപ്പൻ, സ്‌ഥിരം സമിതി അധ്യക്ഷരായ സി ജ്യോതിമോൾ, എൽ മായ രാജേന്ദ്രൻ, രശ്‌മി കെ തങ്കപ്പൻ, എ എം നൗഫൽ, എസ് ഫൈസൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ അഡ്വ. ആർ ആർ ജോഷി രാജ്, കൾച്ചറൽ കമ്മിറ്റി പ്രോഗ്രാം കോ ഓർഡിനേറ്റർ വി ജി വിഷ്ണു , നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്,  ബിജി ശങ്കർ, 
 ബീന കൊച്ചുബാവ,   സാഹിലമോൾ, രാധാകൃഷ്ണൻ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ   പ്രൊഫ. നെടുമുടി ഹരികുമാർ,   
എ എൻ പുരം ശിവകുമാർ, അബ്ദുൾസലാം ലബ്ബ, 
കെ നാസർ,  എബി തോമസ്
എന്നിവർ സംസാരിച്ചു.

നെഹ്‌റു ട്രോഫി
ജലോത്സവത്തിനും ഓണാഘോഷത്തിനും മുന്നോടിയായി ആഗസ്റ്റ് 18 മുതൽ 21 വരെയും ആഗസ്റ്റ് 23, 24 തീയതികളിലും ആലപ്പുഴയുടെ നഗരസായാഹ്നങ്ങളെ കലാസാന്ദ്രമാക്കുന്നതിനായി മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ വിവിധങ്ങളായ കലാ-സാംസ്‌കാരിക പരിപാടികൾ  സംഘടിപ്പിച്ചിട്ടുണ്ട്.

*സമ്മാനങ്ങൾ വിതരണം ചെയ്തു*

സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത വിവിധ വിഭാഗങ്ങൾക്കുള്ള സമ്മാനങ്ങൾ  ചടങ്ങിൽ വിതരണം ചെയ്തു.

ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന 72ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻടിബിആർ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.  

ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി.ടി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ് (10001 രൂപ)ആണ്  പ്രവചനമത്സര വിജയിക്കു ലഭിച്ചത്. 

കമന്ററി മത്സര വിജയികളിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് കൈചൂണ്ടി ജങ്ഷൻ അലീന ജ്വല്ലറി നൽകുന്ന സ്വർണ്ണനാണയവും പബ്ലിസിറ്റി കമ്മിറ്റി നൽകുന്ന മെമന്റോയും സർട്ടിഫിക്കറ്റുമായിരുന്നു സമ്മാനം. ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചയാൾക്ക്  മുല്ലക്കൽ നൂർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നൽകിയ  സ്വർണ്ണനാണയമാണ് ലഭിച്ചത്.

ഫേസ് പെയിന്റിങ് മത്സരത്തിൽ  ഒന്നാം സ്ഥാനത്തെത്തിയവർക്ക് എരമല്ലൂർ പുന്നക്കൽ ജ്വല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് എരമല്ലൂർ പുന്നക്കൽ ജ്വല്ലറി നൽകുന്ന ക്യാഷ് അവാർഡും നൽകി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.