മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60 പരിവാഹൻ സേവനങ്ങളും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിതമാക്കുന്നു

Aug 29, 2026
മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60 പരിവാഹൻ സേവനങ്ങളും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിതമാക്കുന്നു
mvd services

ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി സെപ്റ്റംബർ 21, 2026 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60 പരിവാഹൻ സേവനങ്ങളും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിതമാക്കുന്നു.
​വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ) പോർട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ 'ഫേസ്‌ലെസ്സ്' (നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത) സേവനങ്ങളാണ്. അതായത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒ.ടി.പി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണ്ണമായും ഓൺലൈനായി ഇതിന് അപേക്ഷിക്കാം. എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്തതിനാൽ, സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും, ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും, പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്.
​ഈ പ്രശ്നത്തിന് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്‌ലെസ്സ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റാൻ MVD, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോടും (NIC) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (MoRTH) അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്‌വെയർ പരിശോധനകൾ ഇപ്പോൾ നടന്നുവരികയാണ്.

​ഈ പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങൾ:

1.​ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകൾ സമർപ്പിക്കാം.

2.​'ആദ്യം വരുന്നവർക്ക് ആദ്യം' (First Come First Serve) എന്ന മുൻഗണനാ ക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും.

3.​വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങൾക്കും ഇനി ആർ.ടി. ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല.

4.​'നമ്മുടെ കേരളം' പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
​'നമ്മുടെ കേരളം' പോർട്ടൽ വഴി വ്യക്തിഗത വാദം കേൾക്കൽ, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.

5.​'നമ്മുടെ കേരളം' പോർട്ടലിലെ 'Vmeet' വഴി ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോൾ വഴി ഹാജരാകാനുള്ള സൗകര്യം.

6.​പൊതുജനങ്ങൾക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിൽ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങൾ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (CSC) കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.​ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.​ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ആർ.ടി. ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല.

9.​ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണം.

10.​വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്. 
11.ഉടൻ തന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ (Automated Vehicle Testing Stations) നിലവിൽ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 എ.ടി.എസുകൾ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.