ക്ഷീരമേഖലയ്ക്ക് കരുത്തേകാന് മലനാട് മില്ക്ക്
മൂന്നുതരം കാലിത്തീറ്റകള് വിപണിയിലിറക്കി മലനാട്
പാറത്തോട്: കൃഷിവകുപ്പിലൂടെയും ക്ഷീര വകുപ്പിലൂടെയും ഉള്പ്പെടെ സര്ക്കാര് നല്കുന്ന പൊതുവായുള്ള ആനുകൂല്യങ്ങള് കര്ഷകരുടെ അവകാശമാണെന്നും സര്ക്കാര് സംവിധാനങ്ങളില് നിന്നുള്ള പ്രയോജനങ്ങളില് നിന്ന് കര്ഷകര് മാറി നില്ക്കേണ്ടതില്ലെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്. മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാര്ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില് മെമ്മോറിയല് അവാര്ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലനാടുമായി ബന്ധപ്പെട്ടുള്ള വിവിധ സൊസൈറ്റികള് കാര്ഷിക മേഖലയിലെ വ്യത്യസ്ത തലങ്ങളിലുള്ളവര്ക്ക് സഹായമായിട്ടുള്ള പ്രവര്ത്തനങ്ങളാണ് ചെയ്യുന്നത്.
കര്ഷകര് ഒന്നിച്ചു ചേര്ന്ന് നില്ക്കുമ്പോള് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കാന് സാധിക്കുമെന്നും പരമ്പരാഗതമായ ശൈലികള്ക്കപ്പുറം മൂല്യവര്ധിതമായ കാര്യങ്ങളിലേക്ക് കര്ഷകര് നീങ്ങണമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് കൂട്ടിച്ചേര്ത്തു.
കന്നുകാലി വളര്ത്തല് ക്ഷീര കര്ഷകര് ഒരു വ്യവസായമായി കാണണമെന്ന് യോഗത്തില് അധ്യക്ഷതവഹിച്ച മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയില് പറഞ്ഞു. മിനി ഫാമുകള് രൂപീകരിക്കാന് സംഘങ്ങളും സംഘത്തിന്റെ ഭാരവാഹികളും കര്ഷകരും ശ്രദ്ധിക്കണം. കഴിഞ്ഞ വര്ഷങ്ങളില് കന്നുകാലി ഇന്ഷുറന്സ് പ്രീമിയത്തിന്റെ 75 ശതമാനം എംഎംപിഎസ് നല്കിക്കൊണ്ടിരുന്നത് ഈ വര്ഷം മുതല് 90 ശതമാനമായി വര്ധിപ്പിച്ചതായും എല്നിനോ പ്രതിഭാസം ക്ഷീരകര്ഷകരെ ബാധിക്കാതിരിക്കാന് ഗുണനിലവാരമുള്ള സങ്കരയിനം പുല്കൃഷി വ്യാപിപ്പിക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില് കൂട്ടിച്ചേര്ത്തു.
ജോയിന്റ് ഡയറക്ടര് ഫാ. ആല്ബിന് പുല്ത്തകിടിയേല്, പ്രഫ. സാലിക്കുട്ടി തോമസ്, ബേബി സെബാസ്റ്റ്യന് ഗണപതിപ്ലാക്കല്, ജയകുമാര് മന്നത്ത് എന്നിവര് പ്രസംഗിച്ചു.
മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന ഫാ. മാത്യു വടക്കേമുറി മെമ്മോറിയല് മലനാട് ക്ഷീരശ്രീ സ്വര്ണ് പതക് പുരസ്കാറിന് നെറ്റിത്തൊഴു വയലാറ്റുപുത്തന്പുരയ്ക്കല് റെജി കുര്യനും 75,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്കാര് കൊച്ചറ കണയങ്കല് റീജ ബിന്സിനും 50,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ കാന്സി പതക് പുരസ്കാര് അണക്കര കാളംമ്മാലില് രെഞ്ജി കുര്യാക്കോസിനും സമ്മാനിച്ചു.
മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്ക്ക് 25000 രൂപ വീതവും മലനാട് ക്ഷീരശ്രീ ദീപക് പതക് പുരസ്കാറിന് അര്ഹരായ 15 പേര്ക്ക് 10000 രൂപ വീതവും നല്കി. കൂടാതെ ഫാ. മാത്യു വടക്കേമുറി മെമ്മോറിയല് മലനാട് മില്ക്ക് വിദ്യാശ്രീ പുരസ്കാറിന് അര്ഹയായ പ്ലസ്ടുപരീക്ഷയില് ഏറ്റവും കൂടുതല് മാര്ക്കു നേടിയ കുട്ടിക്ക് 25000 രൂപയും പത്താം ക്ലാസ് പരീക്ഷയില് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയവര്ക്ക് 10000 രൂപ വീതവും ക്യാഷ് അവാര്ഡ് നല്കി. മികച്ച സംഘങ്ങള്ക്കുള്ള എവറോളിംഗ് ട്രോഫിയും യോഗത്തില് വിതരണം ചെയ്തു.
മൂന്നുതരം കാലിത്തീറ്റകള് വിപണിയിലിറക്കി മലനാട്
കാഞ്ഞിരപ്പള്ളി: ഈ വര്ഷം മുതല് മൂന്നുതരം കാലിത്തീറ്റകള് മലനാട് വിപണിയിലിറക്കുമെന്ന് മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയില് പറഞ്ഞു. മലനാട് കാറ്റില്ഫീഡ്, മലനാട് കാറ്റില്ഫീഡ് റിച്ച്, മലനാട് കാറ്റില്ഫീഡ് എക്സ്ട്രാ എന്നിവയാണ് പുറത്തിറക്കുന്നത്. കന്നുകാലികള്ക്ക് ആവശ്യമായ പോഷകങ്ങള് ലഭ്യമാക്കുന്നതിലൂടെ പാല് ഉല്പ്പാദനം മെച്ചപ്പെടുത്താനും ക്ഷീരകര്ഷകര്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കാനും പുതിയ ഉല്പ്പന്നങ്ങള് സഹായകമാകും. കര്ഷകരുടെ ആവശ്യങ്ങള് പരിഗണിച്ച് പോഷകഘടകങ്ങളുടെ വ്യത്യസ്തമായ അനുപാതത്തിലുള്ള കാലിത്തീറ്റകള് ലഭ്യമാക്കുന്നതിലൂടെ ക്ഷീരമേഖലയുടെ വളര്ച്ചയ്ക്ക് പിന്തുണ നല്കുകയാണ് മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ലക്ഷ്യം.


