കുടുംബശ്രീ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)-2.0: 30272 യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനവും തൊഴിലും
കുടുംബശ്രീ മുഖേന 30272 യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും
80000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന കോഴ്സുകള്‍ സൗജന്യമായി പഠിക്കാം
ആകെ 30272 പേര്‍ക്ക് പരിശീലനവും തൊഴിലും; 2025-2026-ല്‍ 1211 പേര്‍ക്ക് തൊഴില്‍ 2027 ഡിസംബറിനുള്ളില്‍ 29061 പേര്‍ക്ക് കൂടി നൈപുണ്യ പരിശീലനവും തൊഴിലും
ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ കുടുംബശ്രീ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)-2.0 പദ്ധതിയുടെ ഭാഗമായാണ് യുവജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിനും തൊഴില്‍ നേടാനും അവസരമൊരുങ്ങുന്നത്. 2027 ഡിസംബറിനുളളില്‍ ആകെ 30272 പേര്‍ക്ക് പരിശീലനവും തൊഴിലും ലഭ്യക്കുന്നതിനാണ് പദ്ധതി. ഇതില്‍ 2025-26 കാലയളവില്‍ 1211 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നു. ബാക്കിയുളള 29061 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പുറത്ത് 80000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന കോഴ്സുകളിലാണ് കുടുംബശ്രീ പദ്ധതി വഴി സൗജന്യ പരിശീലനം നല്‍കുന്നത്. രാജ്യത്തെ പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയാണ് തൊഴില്‍ പരിശീലനം നല്‍കുക. ജോലിയും ഇവര്‍ മുഖേന ഉറപ്പുവരുത്തും. കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.വിഘ്നേശ്വരിയും വിവിധ പരിശീലന ഏജന്‍സികളും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും സെപ്റ്റംബറില്‍ പകുതിയോടെ കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനം. 18-35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗമേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്സില്‍ ചേരാനുള്ള പ്രായപരിധി. പത്താം ക്ളാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകള്‍ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്‍റ് സപ്പോര്‍ട്ടും ലഭിക്കും. എ.ഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍ മാനേജ്മെന്‍റ്, മെഷീന്‍ ഓപ്പറേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍, മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഇന്‍സ്ട്രമെന്‍റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങി ഇരുപത്തിയേഴോളം കോഴ്സുകളില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളില്‍ പ്രായോഗിക പരിശീലനവും നല്‍കും. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകള്‍, തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂര്‍(0487-2962517), കോഴിക്കോട് (0495-2766160) ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററുകള്‍ എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്. മുഖേന ലഭ്യമാകും. 18004254714 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം. 56665 പേര്‍ക്ക് സംസ്ഥാനത്തും വിദേശത്തുമായി തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് ഡി.ഡി.യു.ജി.കെവൈ പദ്ധതി ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിരുന്നു. പദ്ധതി നിര്‍വഹണത്തിലെ ഈ മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി നേടി കൊടുത്തത്.


