വിദൂരജില്ലകളിൽ പരീക്ഷ കേന്ദ്രം അനുവദിച്ചതിനെതിരെ വ്യാപക പരാതി ; എൻജിനീയറിങ് പ്രവേശന പരീക്ഷ സമയത്തിൽ മാറ്റം വരുത്തി സർക്കാർ
രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചക്കുശേഷം രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.
തിരുവനന്തപുരം: വിദൂരജില്ലകളിൽ പരീക്ഷ കേന്ദ്രം അനുവദിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നതോടെ എൻജിനീയറിങ് പ്രവേശന പരീക്ഷ സമയത്തിൽ മാറ്റംവരുത്തി സർക്കാർ. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചക്കുശേഷം രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.ജൂൺ ആറിന് ഉച്ചക്കുശേഷം നടത്താനിരുന്ന ഫാർമസി പ്രവേശന പരീക്ഷ ജൂൺ പത്തിന് ഉച്ചക്ക് ശേഷം 3.30 മുതൽ നടത്തും. ജൂൺ അഞ്ചുമുതൽ ഒമ്പത് വരെയാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ. രണ്ടിന് തുടങ്ങുന്ന പരീക്ഷക്കായി വിദ്യാർഥികൾ 11.30ന് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 1.30ന് ശേഷം പ്രവേശനം അനുവദിക്കില്ല.
രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. പത്തിന് ഉച്ചക്ക് ശേഷം മൂന്നരമുതൽ അഞ്ച് വരെ നടക്കുന്ന ഫാർമസി പ്രവേശന പരീക്ഷക്കായി ഒരു മണിക്ക് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് കോട്ടയം, എറണാകുളം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പരീക്ഷകേന്ദ്രം അനുവദിച്ചതിൽ വ്യാപക പരാതി ഉയർന്നിരുന്നു.
രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷക്ക് ഏഴരക്ക് തന്നെ പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണമെന്ന നിർദേശവുമുണ്ടായിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾ അതിരാവിലെ വിദൂരജില്ലകളിൽ പരീക്ഷക്ക് ഹാജരാകണമെന്നത് ദുരിതമാകുമെന്ന് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും ഓഫിസിൽ ഒട്ടേറെ പരാതി ലഭിച്ചിരുന്നു.മതിയായ കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവ് കാരണമാണ് ഇതര ജില്ലകളിൽ പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടിവന്നതെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.