പൊലീസിൽ അഴിച്ചുപണിക്ക് ആഭ്യന്തരവകുപ്പ്;27 ഡിവൈ.എസ്.പിമാരും 60 ഇൻസ്പെക്ടർമാരും ഇന്നു വിരമിക്കും
വ്യാഴാഴ്ച സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് എസ്.പിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു
തിരുവനന്തപുരം: കേരള പൊലീസിലെ സേവനം തീർത്ത് 15 ഐ.പി.എസുകാരും 27 ഡിവൈ.എസ്.പിമാരും 60 ഇൻസ്പെക്ടർമാരും വെള്ളിയാഴ്ച വിരമിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥരായ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ സെൽ യൂനിറ്റ്-ഒന്ന് എസ്.പി. റെജി ജേക്കബ്, വിജിലൻസ് സ്പെഷൽ സെൽ എസ്.പി. കെ.ബി. രവി, സംസ്ഥാന വനിതാസെൽ എ.ഐ.ജി ആർ. സുനീഷ്കുമാർ, ദക്ഷിണമേഖല ട്രാഫിക് എസ്.പി എൻ. അബ്ദുൽറഷീദ്, കെ.എ.പി രണ്ടാം ബറ്റാലിയൻ കമാൻഡന്റ് വി.എം. സന്ദീപ് എന്നിവരെക്കൂടാതെ കൊച്ചി സിറ്റി അഡ്മിനിസ്ട്രേഷൻ ഡി.സി.പി ഷാജു കെ. വർഗീസ്, സ്റ്റേറ്റ് സ്പെഷൽബ്രാഞ്ച് എസ്.പി കൃഷ്ണകുമാർ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി.പി. സദാനന്ദൻ.ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ഷാജുപോൾ, കേരള പൊലീസ് അക്കാദമി എസ്.പി എസ്. ദേവമനോഹർ, കെ.എസ്.ഇ.ബി വിജിലൻസ് എസ്.പി അബ്ദുൽ റാഷി, ഇക്കണോമിക്സ് ഒഫൻസ് വിങ് എറണാകുളം റേഞ്ച് എസ്.പി എ.ജി. ലാൽ, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് ജോസ് വർഗീസ്, അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് ബോബി കുര്യൻ തുടങ്ങിയവരാണ് വെള്ളിയാഴ്ച സേനാംഗങ്ങളിൽനിന്ന് അവസാന സല്യൂട്ട് സ്വീകരിക്കുക. വ്യാഴാഴ്ച സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് എസ്.പിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.ഗുണ്ടാബന്ധത്തിന്റെ പേരിൽ കഴിഞ്ഞദിവസം സസ്പെൻഷനിലായ എം.ജി. സാബു ഉൾപ്പെടെ 27 ഡിവൈ.എസ്.പിമാരും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരും നൂറുകണക്കിന് ഗ്രേഡ് എസ്.ഐമാരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരും സർവിസ് അവസാനിപ്പിക്കുന്നതോടെ വരുംദിവസങ്ങളിൽ സേനയെ മൊത്തത്തിൽ അഴിച്ചുപണിയാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും സംബന്ധിച്ച പട്ടിക പുറത്തിറങ്ങും.ഇതിന്റെ നടപടിക്രമങ്ങൾ പൊലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും പൂർത്തിയായി വരുകയാണ്. ഒപ്പം തെരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ പൊലീസുകാരെയും സ്വന്തം ജില്ലകളിലേക്ക് തിരിച്ചുകൊണ്ടുവരും. നേരത്തേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായ പല എസ്.എച്ച്.ഒമാരും വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ വിവിധ സ്പെഷൽ യൂനിറ്റിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്.