കാസർകോടിന്റെ ചരിത്രം ഒഴിവാക്കി കേരളത്തിന് ചരിത്രമില്ല: മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്
കാസർകോടിന്റെ ചരിത്രം ഒഴിവാക്കിക്കൊണ്ട് കേരളത്തിന് ഒരു ചരിത്രമില്ലെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച 'കാസർകോട് പുരാതത്ത്വ സർവ്വേ 2026'-ന്റെ ഉദ്ഘാടനം നീലേശ്വരം എൻ.കെ.ബി. മെമ്മോറിയൽ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന കാസർകോടിന്റെ ചരിത്ര വേരുകൾ ശിലായുഗത്തോളം ആണ്ടു കിടക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കാസർകോട് വന്നാൽ തിരിച്ചു പോകാൻ തോന്നാത്ത ഇടം കൂടിയാണ്. കാസർകോടിനെ മാറ്റി നിർത്തി ആർക്കും മുന്നോട്ടുപോകാനാകില്ല . അധികാരസ്ഥാനത്തുള്ളവർക്കും കാസർകോടിനെ അവഗണിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കാസർകോട് നിന്നും ശിലായുഗത്തെത്തുടർന്നുള്ള ഇരുമ്പുയുഗത്തിലെ ചെങ്കൽഗുഹകളും കുടക്കല്ലുകളും ഉൾപ്പെടെയുള്ള മഹാശിലാസ്മാരകങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. ആലുപരുടെയും നാട്ടുവാഴികളുടെയും വിജയനഗര സാമ്രാജ്യത്തിന്റെയും ഇക്കേരി നായ്ക്കന്മാരുടെയും യൂറോപ്യൻ ശക്തികളുടെയും ഭരണത്തിൻ കീഴിലൂടെ കടന്നുവന്ന സുദീർഘമായ ചരിത്രമാണ് ജില്ലയ്ക്കുള്ളത്. ഈ ചരിത്ര-പുരാതത്ത്വ തെളിവുകൾ അടയാളപ്പെടുത്തുന്നതിനും സമഗ്രമായി ഡോക്യുമെന്റ് ചെയ്യുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര സർവ്വേ പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. . ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ., ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ വി.വി. രാജം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഫൈസൽ, ടി.സി.എ. റഹ്മാൻ, എം. രാജൻ, പി. വിജയകുമാർ, പി.യു. വിജയകുമാർ, ടി.വി. ഉമേഷൻ, വിനോദ് മാത്യു, ആന്റക്സ് ജോസഫ്, സുനിൽ കുമാർ ചാത്തമത്ത്, വി.വി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതവും. സർവ്വേ കോ-ഓർഡിനേറ്റർ കെ. കൃഷ്ണരാജ് നന്ദിയും പറഞ്ഞു സർവ്വേയുടെ ഭാഗമായി തഞ്ചാവൂർ തമിഴ് സർവ്വകലാശാല റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി. സെൽവകുമാർ നയിച്ച 'പുരാതത്ത്വ സർവ്വേ-രീതികളും പ്രയോഗവും' എന്ന വിഷയത്തിൽ പഠന ക്ലാസും സംഘടിപ്പിച്ചു.


