ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍
ഏതൊരാള്‍ക്കും സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം
തിരുവനന്തപുരം : ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഏതൊരാള്‍ക്കും സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ട് ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി.സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുന്‍ ഉത്തരവുകളില്‍ കാര്യമായി പരാമര്‍ശിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ സ്‌കൂളുകാരും ജീവനക്കാരും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.ലേണേഴ്സ് ലൈസന്‍സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിങ് പരിശീലിക്കാം. സ്‌കൂള്‍വഴിയാണെങ്കില്‍ അംഗീകൃത പരിശീലകന്‍തന്നെ പഠിതാക്കളുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി.സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. ഒരു ഉദ്യോഗസ്ഥര്‍ ദിവസം 40 ടെസ്റ്റ് നടത്തണമെന്നത് ഉള്‍പ്പെടെ സമരം ഒത്തുതീര്‍പ്പാക്കിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.