മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഹയർസെക്കൻഡറിയിലേക്കും ഏകജാലക പ്രവേശനം
ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സെറ്റിൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. 30 -നു വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും.
തിരുവനന്തപുരം: പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ ഹയർസെക്കൻഡറി പ്രവേശനവും ഏകജാലകം വഴിയാക്കി.ഇതിനായി ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സെറ്റിൽ (www.hscap.kerala.gov.in ) അപേക്ഷ സ്വീകരിച്ചുതുടങ്ങി. 30 -നു വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. മോഡൽ റെസിഡൻഷ്യൽ വിഭാഗത്തിലെ ഓരോ സ്കൂളിലേക്കും നേരത്തേ പ്രത്യേകം അപേക്ഷ നൽകണമായിരുന്നു.പൊതുവിഭാഗത്തിലെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള നിബന്ധനകൾക്കൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കുമാത്രമായി പ്രത്യേകം മാനദണ്ഡങ്ങളുമുണ്ട്. ഭൂരിപക്ഷം സ്കൂളുകളിലും 60 ശതമാനം സീറ്റ് പട്ടികവർഗ വിദ്യാർഥികൾക്കു സംവരണം ചെയ്തവയാണ്.30 ശതമാനം പട്ടികജാതിക്കും 10 ശതമാനം മറ്റുള്ളവർക്കുമാണ്. പാലക്കാട്, വയനാട് ജില്ലകളിലെ ചില സ്കൂളുകളിൽ പ്രത്യേകവിഭാഗത്തിൽപ്പെട്ട പട്ടികവർഗ വിദ്യാർഥികൾക്കുമാത്രമാണു പ്രവേശനം. സകൂളുകളുടെ പേരും കോഴ്‌സുകളും പ്രവേശനമാനദണ്ഡവും ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലുണ്ട്. ഏകജാലകസംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയവർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം ലഭിക്കാൻ പ്രത്യേകം അപേക്ഷിക്കണം. വിദ്യാർഥിക്കു താത്പര്യമുള്ള സ്കൂളും വിഷയവും ഓപ്ഷനായി നൽകാൻ തടസ്സമില്ല. ജൂൺ ഏഴിന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. 13 -നാണ് ആദ്യ അലോട്‌മെന്റ്. ജൂലായ് രണ്ടുമുതൽ 31- വരെ സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിലെ പ്രവേശനം നടക്കും.