കോട്ടയം മണർകാട് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു.
 
                                    കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സർക്കാരിന്റെ 2021ലെ നിർദേശങ്ങൾ പ്രകാരമാണ് സംസ്‌ക്കരണനടപടി.മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു.
ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            