ജീവസംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

May 19, 2026
ജീവസംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
mar john nellikkunnel

ചോറ്റുപാറ: ജീവന്‍ ദൈവദാനമാണെന്നും, ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്തും വളര്‍ത്തണമെന്നും മരണസംസ്‌കാരം ശക്തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സൂചിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി .ജിയന്ന ദൈവാലയത്തിലേയ്ക്ക് നടത്തിയ ജിയന്ന തീര്‍ത്ഥാടനത്തോടുബന്ധിച്ച് പരിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതൃവേദിയുടെ സഹമദ്ധ്യസ്ഥയായ വിശുദ്ധ ജിയന്ന തനിക്ക് ലഭിച്ച ജീവനെ ദൈവമാണ് നല്‍കിയത് എന്ന ബോദ്ധ്യത്തില്‍ സ്വീകരിച്ചു. സഹപ്രവര്‍ത്തകരും, എല്ലാവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജീവനെ യാതൊരു കാരണവശാലും നശിപ്പിക്കരുതെന്ന് ശഠിച്ച വി.ജിയന്നാ ഏവര്‍ക്കും മാതൃകയാകണമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ റവ.ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

രൂപതയിലെ വി.ജിയന്നായുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി. കുഞ്ഞുങ്ങള്‍ ഇല്ലാത്തവരും, കുടുംബപ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുമായ അനേകര്‍ ഈ ആലയത്തില്‍ വന്ന് അനുഗ്രഹം പ്രാപിക്കുന്നു.

രാവിലെ 9.30ന് വികാരി ജനറാള്‍ റവ.ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ശ്രീമതി ജിജി പുളിയംകുന്നേലിന് പതാക കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. ഭക്തി നിര്‍ഭരമായ ജപമാല പ്രദക്ഷിണത്തോടെ രൂപതയുടെ 13 ഫൊറോനകളില്‍ നിന്നെത്തിയ ആയിരക്കണക്കിനുവരുന്ന തീര്‍ത്ഥാടകരെ വികാരിയും ഫൊറോന ഡയറക്ടറുമായ ഫാ.റ്റിനു കിഴക്കേവേലിക്കകത്തും, ഇടവകസമൂഹവും ചേര്‍ന്ന് സ്വീകരിച്ച് സ്വാഗതം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

ക്രമീകരണങ്ങള്‍ക്ക് രൂപതാ പ്രസിഡന്റ് ശ്രീമതി. ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ മറ്റ് രൂപതാ, ഫൊറോനാ, ഇടവക ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ചോറ്റുപാറ വി .ജിയന്ന ദൈവാലയത്തിലേയ്ക്ക് നടത്തിയ ജിയന്ന തീര്‍ത്ഥാടനം. രൂപതാ വികാരി ജനറാള്‍ റവ.ഫാ.ജോസഫ് വെള്ളമറ്റത്തില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവര്‍ മുന്‍നിരയില്‍.  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.