കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും
ഇന്നു രാവിലെ 10.30നു കെപിസിസി ഓഫീസിൽ എത്തി സുധാകരൻ ചുമതല ഏറ്റെടുക്കും.
തിരുവനന്തപുരം: കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കും. അപ്രതീക്ഷിത നീക്കത്തിലൂടെയാണു സുധാകരനു ചുമതല ഏറ്റെടുക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. ഇന്നു രാവിലെ 10.30നു കെപിസിസി ഓഫീസിൽ എത്തി സുധാകരൻ ചുമതല ഏറ്റെടുക്കും.ചുമതല കൈമാറുന്നതു വൈകുന്നതിൽ സുധാകരൻ അതൃപ്തനായിരുന്നു. അത് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു ഫലം പുറത്തു വരാനിരിക്കേ ഇതിന്റെ പേരിൽ പാർട്ടിയിൽ പുതിയൊരു വിവാദം ഉണ്ടാകുന്നത് ഒഴിവാക്കാനാണു സുധാകരന്റെ സമ്മർദത്തിനു വഴങ്ങാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പു കഴിയുന്നതു വരെയായിരുന്നു എം.എം. ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നത്. വോട്ടെടുപ്പു കഴിഞ്ഞപ്പോൾത്തന്നെ പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ സുധാകരൻ താൽപര്യപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ച നടന്ന കെപിസിസി നേതൃയോഗത്തിൽ ചുമതല ഏറ്റെടുക്കാമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ തത്കാലം നിലവിലെ സ്ഥിതി തുടരട്ടെ എന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചത്