ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു
12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു
 
                                    ചേലക്കര : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തേരോട്ടം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്. ഒരു വർഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 1996ൽ കെ രാധാകൃഷ്ണൻ ജയിച്ച ശേഷം എൽഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.
കെ രാധാകൃഷണന്റെ പിൻഗാമിയായി 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എംഎൽഎയായിരുന്ന അദ്ദേഹം നിരവധി വികസനപ്രവൃത്തികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തദ്ദേശ-സഹകരണ രംഗത്തെ ഭരണപരിചയമടക്കം കരുത്തായി. 2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ ഭരണസാരഥിയായിരിക്കെ ആദ്യ അവസരത്തിൽ തന്നെ നേതൃപാടവം തെളിച്ച് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ദേശമംഗലത്തിന് നേടികൊടുത്തു. പഞ്ചായത്തിൽ ഇടത് മുന്നണിയ്‌ക്ക് തുടർ ഭരണവും നേടികൊടുത്തു. 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2009-11ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 2015ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത് അംഗമായി. ഇതിനിടയിലാണ് 2016ൽ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തിയത്. 2022 മുതൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാനാണ്. പട്ടികജാതി വിഭാഗക്കാർക്ക് ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. 15 വർഷ ചരിത്രത്തിനിടെ കോർപറേഷനെ വൻ ലാഭത്തിലാക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            