ആരോഗ്യ സേവനങ്ങളിൽ മാതൃകയായി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററുകൾ ആയുഷ് കേന്ദ്രങ്ങൾ സന്ദർശിച്ച് മാധ്യമ സംഘം

തിരുവനന്തപുരം : 2025 മെയ് 29
ആരോഗ്യ സേവനങ്ങളിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും എൻ എ ബി എച്ച് അംഗീകാരത്തിനർഹമായ സംസ്ഥാനത്തെ ആയുഷ് വെൽനെസ് ആരോഗ്യ കേന്ദ്രങ്ങൾ ചികിത്സാ രംഗത്ത് മാതൃകയാകുന്നു. ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത പരിശ്രമത്തിലൂടെ കേരളത്തിലെ 250 ആയുഷ് ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളാണ് എൻ എ ബി എച്ച് എൻട്രി-ലെവൽ ഗുണനിലവാര മാനദണ്ഡങ്ങൾ വിജയകരമായി നേടിയത്. രണ്ടാം ഘട്ടത്തിൽ 100 കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും കഴിഞ്ഞ ദിവസം വിതരണം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹ്യദം, രോഗീ സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമായത്. തിരുവനന്തപുരം ജില്ലയിലെ നേമം ഗവണ്മെൻ്റ് ആയുർവേദ ഡിസ്പെൻസറി, വലിയവിള ഗവണ്മെൻ്റ് ഹോമിയോ ഡിസ്പെൻസറി, ആറ്റിപ്ര ഗവണ്മെൻ്റ് ആയുർവേദ ഡിസ്പെൻസറി ഉൾപ്പെടെയുള്ള അയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിൽ ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യമേകുന്ന പഞ്ചകർമ്മ കൂടാതെ ജീവിതശൈലി രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരെയുള്ള ഫലപ്രദമായ ചികിത്സാ രീതികളും അവലംബിക്കുന്നു. നേമം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ഓരോ രോഗികൾക്കും അനുയോജ്യമായ ചികിത്സ രീതികളാണ് നൽകുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ലക്ഷ്മി പറഞ്ഞു. കൂടാതെ ഒ പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സയും യോഗ പരിശീലനവും ഇവിടുത്തെ പ്രത്യേകതയാണ്.
ആധുനിക ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ ജനങ്ങളെ സജ്ജമാക്കുന്ന രീതിയിൽ ആണ് മാനസിക ആരോഗ്യ ചികിത്സ, നേമം, ആറ്റിപ്ര ഡിസ്പെൻസറികളിൽ ലഭ്യമാക്കിയിട്ടുള്ളത്. ആറ്റിപ്ര ആയുർവേദ ഡിസ്പെൻസറിയിൽ വന്ധ്യത ക്ലിനിക്ക് വിജയകരമായി പ്രവർത്തിക്കുന്നതായി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ പറഞ്ഞു. വലിയവിള ഹോമിയോ ഡിസ്പെൻസറി സെന്ററിൽ പ്രതിദിനം നൂറിൽ കുറയാതെ രോഗികൾ എത്തുന്നുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജി.എസ്. പറഞ്ഞു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രെസ്സ് ഇൻഫർമേഷൻ ബ്യുറോയുടെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും നേതൃത്വത്തിൽ എൻ എ ബി എച്ച് അംഗീകാരം നേടിയ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ആയുഷ് വെൽനെസ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പ്രസ്സ് ടൂർ സംഘടിപ്പിച്ചു.
മാധ്യമ പ്രവർത്തകരെ കൂടാതെ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ, ഡോ. ആതിര തമ്പി, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അരുൺ കുമാർ സിംഗ്, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ. ജയനാരായണൻ,പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. ആര്യ സോമൻ, മാസ്സ് മീഡിയ ഓഫീസർ സഞ്ചന .എസ്. കുറുപ്പ്, എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.