മുഖ്യമന്ത്രിയുടെ ഗണ്മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയെ സമീപിച്ചു
ക്രൈംബ്രാഞ്ച് നടപടിക്കെതിരെ
ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം.
അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ ഹര്‍ജി നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പോലീസിനു കൈമാറിയത്.
മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച പ്രവർത്തകരെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ ബസിനുപിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകർ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.