ക്രൈസ്തവ സഭകൾക്കെതിരേയും ബിഷപ്പുമാർക്കും വിമർശനവുമായി ഷോണും പി.സി. ജോർജും; സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ
കോട്ടയം: ക്രൈസ്തവ സഭകൾക്കും മെത്രാന്മാർക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പായത് കൊണ്ടാണ് ഷോണിന്റെയും പി സി ജോർജിന്റെയും സഭക്കും മെത്രാന്മാർക്കുമെതിരെ തിരിഞ്ഞു ആക്രമണം അഴിച്ചു വിട്ടിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു .ദീപിക പത്രത്തിനെതിരെ മുമ്പും വിമർശനവുമായി പി സി ജോർജ് വന്നിരുന്നു .
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്‍റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.


