തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട
100 ഗ്രാം എം.ഡി.എം.എയുമായി കർണാടക സ്വദേശികളായ രണ്ടുപേർ പിടിയിൽ
തോൽപെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി കർണാടക സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എംഎ.യുമായി രണ്ടു പേർ പിടിയിലായത്.ദക്ഷിണ കന്നട സുള്ളു ആലട്ടി വില്ലേജിൽ കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ് (33), എനവറ വീട്ടിൽ എ.എച്ച്. സിദ്ദീഖ് (32)എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും ചെയ്തത്. പ്രതികൾ ബംഗളൂരുവിൽനിന്ന് ഒന്നരലക്ഷം രൂപക്ക് വാങ്ങിയ എം.ഡി.എം.എ മലപ്പുറത്തെത്തിച്ച് നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപക്ക് വിൽപന നടത്താനാണ് ഇവ കടത്തിക്കൊണ്ടുവന്നത്.പ്രതികൾ എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കെ.എൽ 10 എ.ക്യു 110 സ്വിഫ്റ്റ് ഡിസയർ കാർ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് സ്ക്വാഡിലെ ഓഫിസറായ ജൂനിയർ സൂപ്രണ്ട് ജി.കെ. ഷാജി, എക്സൈസ് ഓഫിസർ എം.ബി. ഹരിദാസ്, കെ. ജോണി, പി.ആർ. ജിനോഷ് എന്നിവർ പങ്കെടുത്തു.