ദേശീയതല ലോക നാളികേര ദിനാഘോഷം സെപ്റ്റംബർ 2-ന് തിരുവനന്തപുരത്ത്

കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ രാം നാഥ് ഠാക്കൂർ വിശിഷ്ടാതിഥിയാകും മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും

Sep 1, 2026
ദേശീയതല ലോക നാളികേര ദിനാഘോഷം സെപ്റ്റംബർ 2-ന് തിരുവനന്തപുരത്ത്
national coccunut day
തിരുവനന്തപുരം :1 സെപ്റ്റംബർ 2026
 

കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡിൻ്റെ  (CDB) ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയതല ലോക നാളികേര ദിനാഘോഷം 2026 സെപ്റ്റംബർ 2-ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. വഴുതക്കാട് മൗണ്ട് കാർമ്മൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ 9:30 ക്ക് പരിപാടിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ നിർവ്വഹിക്കും. കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശ്രീ രാം നാഥ് ഠാക്കൂർ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. അദ്ദേഹം പ്രത്യേക സന്ദേശം നൽകുകയും ചെയ്യും. നാളികേര മേഖലയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കുള്ള നാളികേര വികസന ബോർഡിൻ്റെ ദേശീയ നാളികേര പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്യും. കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി. പി. ജോൺ, റവന്യൂ വകുപ്പ് മന്ത്രി ശ്രീ എ. പി. അനിൽ കുമാർ, ശ്രീ കൊടിക്കുന്നിൽ സുരേഷ് എം.പി, സി.ഡി.ബി ബോർഡ് അംഗങ്ങളായ ശ്രീ എം. കെ. രാഘവൻ എം.പി, ശ്രീ സി. സദാനന്ദൻ മാസ്റ്റർ എം.പി, നാളികേര വികസന ബോർഡ് ചെയർമാൻ ശ്രീ സുബാ നാഗരാജൻ, കേരള കാർഷിക ഉല്പാദന കമ്മീഷണർ ശ്രീ മിൻഹാജ് ആലം ഐ.എ.എസ്, കേന്ദ്ര ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി ഐ.എ.എസ് എന്നിവരും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം നാളികേര കർഷകർ ആഘോഷങ്ങളിൽ പങ്കാളികളാകും.

 “അനിശ്ചിതത്വങ്ങളുടെ കാലത്തെ നാളികേരം: ഭക്ഷണം, ഊർജ്ജം, ജീവനോപാധി എന്നിവയുടെ സംരക്ഷണം” (Coconuts in Times of Uncertainty: Securing Food, Energy, and Livelihoods) എന്നതാണ് ഈ വർഷത്തെ പ്രമേയം.

നാളികേര മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച കർഷകർക്കും സംരംഭകർക്കുമായി അവാർഡുകൾ വിതരണം ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ, സംസ്കരണ രീതികൾ, പുതിയ സാങ്കേതികവിദ്യകൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ (ഏകദേശം 21,65 ലക്ഷം ഹെക്ടറിൽ നിന്ന് 21,374 ദശലക്ഷം നാളികേരം). ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെങ്ങ് കൃഷിയുള്ളത് കേരളത്തിലാണ്. 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതി ₹7,038.35 കോടി രൂപയിലെത്തി. മുൻവർഷത്തേക്കാൾ 62 ശതമാനത്തിന്റെ വർദ്ധനവാണിത്. വിർജിൻ കോക്കനട്ട് ഓയിൽ, ആക്റ്റിവേറ്റഡ് കാർബൺ, തേങ്ങാപ്പാൽ, നാളികേര വെള്ളം തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ആവശ്യക്കാർ ഏറിവരികയാണ്.

നാളികേര കർഷകരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും, മേഖലയിലെ മികവിനെ ആദരിക്കുന്നതിനും, കേന്ദ്ര ​ഗവൺമെൻ്റ്, സംസ്ഥാന ​ഗവൺമെൻ്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ, സംരംഭകർ, വ്യവസായം എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോക നാളികേര ദിനാചരണം ഒരു പ്രധാന വേദിയാകും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.