കോട്ടയം :*ഒവാലിയിലെ അനുഭവം കേരളത്തിന് ഒരു മുന്നറിയിപ്പാണ് നൽകുന്നതെന്ന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി എം പി.
*
കേരളത്തിലെ 131 പരിസ്ഥിതി ലോലമേഖലാ (ESA) വില്ലേജുകളിൽ സംഭവിക്കാനിരിക്കുന്നതെന്തെന്ന് മനസ്സിലാക്കണമെങ്കിൽ റവന്യൂ മന്ത്രിയും വനം-പരിസ്ഥിതി മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ ഗൂഡല്ലൂരിനടുത്തുള്ള ഒവാലി പഞ്ചായത്ത് സന്ദർശിക്കണം.
*ഒവാലി മോഡൽ: നിയന്ത്രണങ്ങളുടെ ചങ്ങലയിൽ ഒരു ജനത*
കേരളത്തിലെ നിരവധി പട്ടണങ്ങൾ ജനവാസമില്ലാത്ത ഒവാലി മോഡൽ ഓപ്പൺ ജയിലുകളാകുമെന്ന ആശങ്കയാണ് ഉയരുന്നത്. സംശയം വേണ്ട. ഒരിക്കൽ ഒരു പ്രദേശം ESA ആയാൽ എല്ലാവർക്കും എല്ലാം നഷ്ടപ്പെടും. പുതിയൊരുതരം അഭയാർത്ഥികളെ സൃഷ്ടിക്കും (Conservation Refugees).
ഗൂഡല്ലൂർ പട്ടണം കഴിഞ്ഞ് ഒവാലിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പോലീസും വനംവകുപ്പും ചേർന്ന് സ്ഥാപിച്ച ചെക്ക് പോസ്റ്റ് കാണാം. ഒവാലി പഞ്ചായത്തിലെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ തടയപ്പെട്ടതിന്റെ ആദ്യ സൂചനയാണ് ഈ ചെക്ക് പോസ്റ്റ്.
ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ പരിശോധനകൾ പൂർത്തിയാക്കി രേഖകൾ നൽകി മേൽവിലാസം എഴുതി ഒപ്പിട്ട ശേഷമാണ് യാത്ര തുടരാനാകുന്നത്. 26 കിലോമീറ്റർ സഞ്ചരിച്ച് ഒവാലി പഞ്ചായത്തിലെ എല്ലമലയിലെത്താം.
നീലഗിരി ജില്ലയിലെ ആദ്യ പഞ്ചായത്തായ ഒവാലിയിൽ ഇന്ന് 30,000-ത്തിലധികം ജനങ്ങൾ 18 വാർഡുകളിലായി താമസിക്കുന്നു.
ഒരു കാലത്ത് ഗൂഡല്ലൂരിനേക്കാൾ വലിയ പട്ടണമായിരുന്ന ഇവിടെ ബാങ്കുകളും തേയില ഫാക്ടറികളും സിനിമാ തിയറ്ററുകളും പ്രവർത്തിച്ചിരുന്നു.
എന്നാൽ ഇന്നത്തെ ഒവാലി അങ്ങനെയല്ല. ഫാക്ടറികൾ പൂട്ടി. ബാങ്കുകൾ അടഞ്ഞു.
സിനിമാ തിയറ്ററുകൾ ഇല്ലാതായി.
വനനിയമങ്ങൾ കർശനമാക്കിയതോടെ ജനങ്ങൾക്ക് വീട് വെക്കാൻ പോലും അനുമതിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
2011 വരെ നികുതി അടച്ചുകൊണ്ടിരുന്ന ഇവരുടെ ഭൂമികളുടെ രജിസ്‌ട്രേഷൻ നടപടികൾ പോലും നിർത്തിവെച്ചിരിക്കുകയാണ്. സ്വന്തം ഭൂമിയിലെ മരത്തിന്റെ ചില്ലകൾ വെട്ടിയാൽ പോലും ജയിലും കോടതിയുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ.
പുതിയ വീടുകൾ നിർമ്മിക്കാനോ നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ, എന്തിന് ഒരു കക്കൂസ് നിർമ്മിക്കാനോ പോലും അനുമതിയില്ല. പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നില്ല. പുതിയ റോഡുകൾ ടാർ ചെയ്യാനോ നിലവിലുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്താനോ കഴിയുന്നില്ല.
കൃഷിയിടങ്ങളെ വന്യമൃഗങ്ങൾ കയ്യടക്കുമ്പോൾ വേലി കെട്ടുന്നതും അവയെ ഓടിക്കുന്നതും നിയമവിരുദ്ധമാകുന്നു. ബാങ്കുകൾ വായ്പ നൽകുന്നില്ല.
ഭരണകൂടം അതിന്റെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഒരു ജനതയെ ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ, മരണത്തോടെയല്ലാതെ തങ്ങളെ പുറത്താക്കാൻ കഴിയില്ലെന്ന നിശ്ചയദാർഢ്യത്തോടെ പൊരുതുകയാണ് ഒവാലിയിലെ ജനത.
മുതുമല വന്യജീവി സങ്കേതത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ വായുദൂരത്തിൽ 'ബഫർ സോൺ' എന്ന പേരിൽ കൊണ്ടുവന്ന നിയന്ത്രണ മേഖലയാണ് ഒവാലിയിലെ ജനജീവിതത്തെ കൂടുതൽ ചങ്ങലക്കിടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഇത്തരം അനുഭവങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്ന ESAയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനം.
*കേരളം പഠിക്കേണ്ടത് ഒവാലിയിൽ നിന്ന്
*
കേരളത്തിലെ 131 ESA വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റർ ഭൂമിയെ ബാധിക്കുന്ന കരടുവിജ്ഞാപനത്തിന് മറുപടി നൽകുന്നതിന് മുമ്പ് മന്ത്രിതല സംഘം ഒവാലി സന്ദർശിക്കണം.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ മനുഷ്യന്റെ ഭരണഘടനാപരമായ മൗലിക അവകാശങ്ങൾ ഇല്ലാതാക്കാൻ പാടില്ല. ഈ മണ്ണിൽ ജനിച്ച് കൃഷി ചെയ്ത് തലമുറകളായി ജീവിക്കുന്നവർക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ അർഹതപ്പെട്ടതാണ്.
അതിനാണ് കേരള കോൺഗ്രസ് (എം) ശ്രമിക്കുന്നത്