ഡിജിറ്റൽ മുന്നേറ്റവുമായി കൈറ്റ് 'താരാപഥം' പദ്ധതി

Sep 18, 2026
ഡിജിറ്റൽ മുന്നേറ്റവുമായി കൈറ്റ് 'താരാപഥം' പദ്ധതി

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് ആവിഷ്‌കരിച്ച 'താരാപഥം' പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെ നിർമിതബുദ്ധിയുടെ സഹായത്തോടെ കാലാനുസൃതമായി പരിഷ്‌കരിച്ച് ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറ്റും. സ്‌കൂളുകൾ ഉപയോഗിക്കുന്ന 'സമ്പൂർണ', 'സമ്പൂർണപ്ലസ്', 'സഹിതം', 'സമഗ്ര', 'സമന്വയ' തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിൽ പ്രത്യേകം ലോഗിൻ ചെയ്യുന്നതിനു പകരം സിംഗിൾ സൈൻ-ഓൺ വഴി ഏകീകൃത ഡാഷ്‌ബോർഡിൽ പ്രവേശിക്കാനാകും. താരാപഥത്തിൽ 'സമഗ്ര ക്യാൻവാസ്' എന്ന പേരിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ അധ്യാപകർക്ക് ഓൺലൈൻ ഡിജിറ്റൽ ഇന്ററാക്ടീവ് വൈറ്റ് ബോർഡും സജ്ജമാക്കിയിട്ടുണ്ട്. www.tharapadham.kite.kerala.gov.in ൽ താരാപഥം ലഭിക്കും. താരാപഥം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മെന്ററിംഗ് പ്രവർത്തനങ്ങളും പുരോഗതിയും ഈ അധ്യയനവർഷം മുതൽ നിർബന്ധമായും പോർട്ടലിൽ രേഖപ്പെടുത്തണം. സ്‌കൂളുകളിൽ സൈബർ സുരക്ഷാ കമ്മിറ്റികളുടെ രൂപീകരണം അടക്കമുള്ള 'സൈബർ സേഫ്റ്റി പ്രോട്ടോകോൾ 2026' കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. 'താരാപഥം' സമയബന്ധിതമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്നുണ്ടെന്ന് അതത് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തും. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഓഫീസർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകും.