സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Aug 31, 2026
സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം

2025-26 സാമ്പത്തിക വർഷത്തിൽ ഊർജസംരക്ഷണം, ഊർജകാര്യക്ഷമത, ഗവേഷണം, ശുദ്ധ ഊർജ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സംരംഭങ്ങൾക്കുമായി എനർജി മാനേജ്മെന്റ് സെന്റർ-കേരള നൽകുന്ന 'സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരം - 2026' ലേക്ക് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, ഊർജകാര്യക്ഷമ കെട്ടിടങ്ങൾ, ഊർജകാര്യക്ഷമ പൊതു സ്ഥാപനങ്ങൾ, ഊർജസംരക്ഷണ നേതൃത്വവും സമൂഹതല സ്വാധീനവും, ഊർജകാര്യക്ഷമ ഉൽപ്പന്നങ്ങളുടെയും ഊർജകാര്യക്ഷമ കെട്ടിടങ്ങളുടെയും പ്രോത്സാഹകർ എന്നീ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം. വ്യവസായങ്ങൾ, കെട്ടിടങ്ങൾ, ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ, എൻജിഒകൾ, ആർക്കിടെക്ചറൽ സ്ഥാപനങ്ങൾ, ഉപകരണ നിർമാതാക്കൾ തുടങ്ങിയവർക്ക് അവരുടെ മേഖലകൾക്കനുസരിച്ച് അപേക്ഷിക്കാം. ഒന്ന് മുതൽ നാല് വരെയുള്ള വിഭാഗങ്ങളിലെ വിജയികൾക്ക് ഒരു ലക്ഷം രൂപ വീതവും, അഞ്ചു മുതൽ ഏഴ് വരെയുള്ള വിഭാഗങ്ങളിലെ വിജയികൾക്ക് 50,000 രൂപ വീതവും ക്യാഷ് പ്രൈസിന് പുറമെ പ്രശസ്തിപത്രവും ഫലകവും ലഭിക്കും. കൂടാതെ യോഗ്യരായ അപേക്ഷകർക്ക് iso 50001 സർട്ടിഫിക്കേഷനും ഊർജ ഓഡിറ്റിനുമായി സാമ്പത്തിക സഹായവും പദ്ധതിയിലൂടെ നൽകും. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളാണ് പരിഗണിക്കുക. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തന തുടർച്ചയും വിലയിരുത്തും. അപേക്ഷകളും രേഖകളും [email protected] ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 30 നകം ലഭിക്കണം. വിവരങ്ങൾക്ക്: www.keralaenergy.gov.in, 0471-2594922.