മുതിര്‍ന്ന സ്ത്രീകള്‍ക്കായി പകല്‍വീടുകള്‍ വേണം: അഡ്വ. പി. സതീദേവി
കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
വാര്‍ധക്യകാലത്ത് കുടുംബങ്ങളില്‍പ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകല്‍വീട് ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അഭ്യര്‍ഥിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ ശുപാര്‍ശയായി നല്‍കും. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവര്‍ പോലും പ്രായമായാല്‍ കുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ലഭിക്കുന്ന മക്കള്‍ പിന്നീട് ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതികള്‍ വര്‍ധിക്കുന്നു. ചെറുമക്കള്‍ പോലും ഇവര്‍ക്ക് പരിഗണന നല്‍കുന്നില്ല. പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇപ്പോള്‍ ഈ അവസ്ഥ ഏറി വരുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന സ്ത്രീകളുടെ കാര്യമാണ് കൂടുതല്‍ ദയനീയമാകുന്നത്. മാനസിക ഉല്ലാസത്തിനുള്ള ഒരു ഉപാധിയും ഇവര്‍ക്ക് ഇല്ല. അതിനാല്‍ പകല്‍ സമയമെങ്കിലും മാനസിക സന്തോഷം ലഭിക്കും വിധം പകല്‍വീടുകള്‍ ഉണ്ടാകുന്നത് ഗുണകരമായിരിക്കും.
കേരളത്തില്‍ ജനസാന്ദ്രത കൂടുന്നതിന് അനുസരിച്ച് അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരാതിയായി വരുന്നത് വര്‍ധിക്കുകയാണ്. വഴിതര്‍ക്കങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് തുടങ്ങി മാലിന്യ പ്രശ്‌നങ്ങള്‍ വരെ കമ്മിഷന്റെ മുമ്പില്‍ പരാതിയായി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കിയാല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും നാട്ടില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാക്കാനും കഴിയും. ജാഗ്രതാ സമിതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരിശീലം നല്‍കാന്‍ കമ്മിഷന്‍ പരിപാടി തയാറാക്കിയിട്ടുണ്ട്. ഓഗസ്തില്‍ ഇത് ആരംഭിക്കും. സമൂഹത്തില്‍ ലിംഗ തുല്യത പ്രധാന വിഷയമായി വരുന്നുണ്ട്. ഈ വിഷയത്തില്‍ വിപുലമായ കാമ്പയിന്‍ ആസൂത്രണം ചെയ്യുകയാണ്. സംസ്ഥാന, ജില്ലാ, ഉപജില്ലാ തലങ്ങളില്‍ സെമിനാറും മറ്റ് ബോധവല്‍ക്കരണ പരിപാടികളുമാണ് ആലോചിക്കുന്നത്. തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലുകള്‍ സജ്ജമാക്കുന്നതില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ മുകൈയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടത്തും. സൈബര്‍ വിഷയങ്ങള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് കാമ്പയിന്‍ നടത്തുകയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കണ്ണൂരിലെ ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മൂന്ന് പരാതികള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി വിട്ടു. രണ്ട് പരാതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. 45 പരാതി അടുത്ത സിറ്റിങ്ങിനായി മാറ്റി. ആകെ 67 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയും പരാതികള്‍ തീര്‍പ്പാക്കി.
അഡ്വ. ഷിമ്മി, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സലര്‍ മാനസ പി ബാബു എന്നിവരും ജില്ലാതല അദാലത്തില്‍ പങ്കെടുത്തു.