ആരോഗ്യ വകുപ്പിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്, അധിക മരുന്ന് എത്തിക്കും : വീണാ ജോർജ്
സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പ്രവർത്തനം ഏകോപിപ്പിക്കുക
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൻ്റെ ഭാഗമായുള്ള എല്ലാ രക്ഷാപ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പ്രവർത്തനം ഏകോപിപ്പിക്കുക. ആവശ്യമായ മരുന്ന് സാധനങ്ങൾ അധികമായി എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മേപ്പാടി ആശുപത്രിയിൽ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയിൽ അഞ്ച് മൃതദേഹങ്ങളുമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തരേയും ജീവനോടെ രക്ഷിക്കുന്നതിനായുള്ള ശ്രമമാണ് നടക്കുന്നത്. ഫയർഫോഴ്സിൻ്റേയും എൻഡിആർഎഫ്എയുടേയും സിവിൽ ഡിഫൻസിൻ്റേയും സംഘം അവിടെ പ്രവർത്തിക്കുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു എന്നിവർ ഉൾപ്പെടെയുള്ള മന്ത്രിമാർ സംഭവസ്ഥലത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.