കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗര്‍, പീച്ചി ഡാമുകള്‍ തുറന്നു
പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
 
                                    വയനാട് : സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ പീച്ചി, കോഴിക്കോട് ജില്ലയിലെ കക്കയം ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.ബാണാസുരസാഗറില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. സെക്കന്‍ഡില്‍ 8.5 ക്യുബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം സ്പില്‍വേ ഷട്ടര്‍ തുറന്ന് ഒഴുക്കിവിടും.
പീച്ചി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്ററായി ഉയര്‍ത്തി.ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച് (30 സെന്റീമീറ്റര്‍) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടര്‍ന്ന് ഉയര്‍ന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടര്‍ തുറന്ന് ജലമൊഴുക്കാന്‍ തുടങ്ങി. ഡാം വൃഷ്ടിപ്രദേശത്തെ തുടര്‍ച്ചയായ കനത്ത മഴയും, ബാണാസുര സാഗറില്‍ നിന്നും ടണല്‍ മുഖേന വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
ഡാമില്‍ നിന്നും കരിയാത്തുംപാറ പുഴയിലേക്കാണ് വെള്ളം ഒഴുക്കുന്നത്. കരിയാത്തുംപാറ, കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും, പുഴയില്‍ ഇറങ്ങരുതെന്നും കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി. അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            