ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു
സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മലയാള ഭാഷാ ഉപയോഗത്തില്‍ എല്ലാ വകുപ്പുകളും നൂറു ശതമാനം പുരോഗതി കൈവരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
തൃശ്ശൂർ :ജില്ലയിലെ ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു. ഭരണ രംഗത്ത് മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം സര്‍വര്‍ത്രികമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഔദ്യോഗിക ഭാഷാ സമിതിയുടെ ജില്ലാതല യോഗം എഡിഎം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ മെയ് മാസം വരെയുള്ള കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മലയാള ഭാഷാ ഉപയോഗത്തില്‍ എല്ലാ വകുപ്പുകളും നൂറു ശതമാനം പുരോഗതി കൈവരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നൂറു ശതമാനം പുരോഗതി കൈവരിക്കാത്ത വകുപ്പുകള്‍ വിശദീകരണം നല്‍കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം ആവശ്യമുണ്ടെങ്കില്‍ വകുപ്പു മേധാവിമാര്‍ പരിശീലനം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കണം. എല്ലാ ഓഫീസുകളുടെയും ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥ - ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിലെ ഭാഷാവിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍ ഭരണഭാഷാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇ-ഓഫീസിന്റെ പ്രാധാന്യം, മലയാള ലിപിപരിഷ്‌കരണം, പുതിയ ഫോണ്ടുകള്‍, ഭരണഭാഷയില്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതകള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, കോടതി ഉത്തരവുകള്‍ തുടങ്ങിയവ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. മലയാളത്തില്‍ ഫയലുകള്‍ കൈകര്യം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ഭരണഭാഷാ സംബന്ധിച്ച പുസ്തകങ്ങളെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളെയും പരിചയപ്പെടുത്തുകയും ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി കൃഷ്ണദാസ്, മറ്റ് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.