കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ് ഫീ നാലിരട്ടി വർധിപ്പിച്ചു: നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
 
                                    മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇരുചക്ര വാഹനങ്ങൾക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തിൽ വാഹനം പാർക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയർത്തിട്ടുണ്ട്.
ഏഴ്സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റിൽ മുകളിലുള്ള എസ്.യു.വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്ന് 80 രൂപ വരെയാക്കി ഉയർത്തി. അരമണിക്കൂർ കഴിഞ്ഞാൽ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വർധിക്കും.
അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങൾക്ക് നേരത്തെ സൗജന്യമായിരുന്നു. ഇപ്പോൾ 20 രൂപയാക്കി. അംഗീകാരമില്ലാത്ത വാഹനങ്ങൾ 40 രൂപ നൽകേണ്ടതിനു പകരം 226 രൂപ നൽകണം. അര മണിക്കൂറിനു ശേഷം 2 മണിക്കൂർ വരെ 276 രൂപ. പാർക്കിങ് സ്ഥലത്തുനിന്ന് നിശ്ചിത സമയത്തിനകം പുറത്തു കടന്നില്ലെങ്കിൽ വീണ്ടും അര മണിക്കൂർ സമയത്തേക്കുള്ള 226 രൂപ നൽകണം. പാർക്കിങ് ഏരിയയിൽ പോകാതെ യാത്രക്കാരനെ ടെർമിനലിനു മുൻപിൽ ഇറക്കുകയോ കയറ്റുകയോ ചെയ്ത് പുറത്തേക്കു പോയാൽ 283 രൂപയാണു നൽകേണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            