നാലുനാൾ റേഷൻ ഇല്ല, തുടർച്ചയായ ദിവസങ്ങളിൽ കടകൾ അടഞ്ഞുകിടക്കും
തിരുവനന്തപുരം: ഈ മാസം 6 മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് 6 ന്കടകൾ തുറക്കില്ല. 7ന് ഞായർ. 8നും 9നും വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച് സമരം ചെയ്യും.ജൂൺ 19ന് സി.ഐ.ടി.യു ഉൾപ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോൾ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാറും അറിയിച്ചു.അതേസമയം ജൂണിലെ റേഷൻ വിതരണം ജൂലായ് 5 വരെ നീട്ടി.സ്റ്റോക്ക് തിട്ടപ്പെടുത്തൽ 6നായിരിക്കും. ജൂലായിലെ റേഷൻ വിതരണം 8 മുതൽ ആരംഭിക്കും.