വിഴിഞ്ഞത്ത് ആദ്യ കൂറ്റൻ മദർഷിപ്പ് 12ന് നങ്കൂരമിടും
തിരുവനന്തപുരം: ഡിസംബറിൽ ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗിന് ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് 12ന് എത്തും. യൂറോപ്പിൽ നിന്ന് ആയിരത്തോളം കണ്ടെയ്നറുകളുമായി ഗുജറാത്ത് മുന്ദ്ര തുറമുഖം വഴിയാണ് കപ്പലടുക്കുക.നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ തുറമുഖത്ത് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സംവിധാനങ്ങൾ പരിശോധിച്ചുറപ്പിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കും. കേന്ദ്രമന്ത്രിമാരും എത്തിയേക്കും.
ഷിപ്പിംഗ് കമ്പനികളായ മെർസെകിന്റെയോ എം.എസ്.സിയുടെയോ കപ്പലാണിതെന്നാണ് അറിയുന്നത്. 800 മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്തെ 300 മീറ്ററിലാവും നങ്കൂരമിടുക. കൊൽക്കത്തയ്ക്കുള്ള തുണിത്തരങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് കണ്ടെയ്നറുകളിൽ. ഇവിടെ ഇറക്കുന്ന കണ്ടെയ്നറുകൾ ചെറു കപ്പലുകളിൽ കൊൽക്കത്തയ്ക്ക് കൊണ്ടുപോകും.
രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാനാവും. ഇറക്കുമതി, കയറ്റുമതിക്ക് കസ്റ്റംസ് അനുമതിയായി. ആദ്യ മദർഷിപ്പ് തീരത്തടുക്കുന്നതോടെ വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തത്തിന് സജ്ജമാകും