പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകരിക്കുന്നതിനായി മന്ത്രിതലയോഗം ; ജൂലൈ 15 നുള്ളിൽ കേന്ദ്രവന്യജീവി ബോർഡിന് രേഖകൾ സമർപ്പിക്കും :അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
എരുമേലി:പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകാരത്തിനായി മന്ത്രിതലയോഗം ; ജൂലൈ 15 നുള്ളിൽ കേന്ദ്രവന്യജീവി ബോർഡിന് രേഖകൾ സമർപ്പിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു . എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനം വകുപ്പിന് കീഴിൽ കടുവാ സംരക്ഷണ പ്രദേശമായ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്ന തെറ്റായ നടപടി പൂഞ്ഞാർ എം എൽ എ യുടെ അഭ്യർത്ഥന പരിഗണിച്ച് തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ PTR ൽ നിന്നും ഒഴിവാക്കി 19.01.2023 ൽ സംസ്ഥാന വനം-വന്യജീവി ബോർഡ് തീരുമാനമെടുത്തിരുന്നു. പ്രസ്തുത തീരുമാനത്തിന് നിയമ പ്രാബല്യം കൈവരുന്നതിന് കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരം നേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ കാര്യക്ഷമതയോടെ സമയബന്ധിതമായി നടപടിക്രമങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ട് എം എൽ എ എന്ന നിലയിൽ വനം വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയുണ്ടായി. ഇതേത്തുടർന്ന് പ്രസ്തുത തീരുമാനം പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടുന്നതിനായി വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേമ്പറിൽ കൂടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐ.എ.എസ്, വനം വകുപ്പ് മേധാവി .ഗംഗാ സിംഗ് ഐ.എഫ്.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ .ഡി.ജയപ്രസാദ് ഐ.എഫ്.എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ .കെ.വി ഹരികൃഷ്ണൻ ഐ.എഫ്.എസ്, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ് ) .പി.പി പ്രമോദ് ഐ.എഫ്.എസ് തുടങ്ങിയവർ പങ്കെടുത്തു.