ദേശീയ സമ്മതിദായക ദിനാചരണം ജില്ലാതല ഉദ്ഘാടനം തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. ജനാധിപത്യ സംവിധാനം മികവുറ്റതാക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്വ ബോധത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം. നൂതന ആശയങ്ങളാല്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ജില്ലയ്ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം, ബോധവത്കരണം, യുവതയെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. സബ് കളക്ടര്‍ അതുല്‍ സാഗര്‍ അധ്യക്ഷനായ പരിപാടിയില്‍ എഞ്ചിനീയറിങ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥി മുഹമ്മദ് മഹീര്‍ വോട്ടവകാശ ദിനാചരണ പ്രതിജ്ഞ ചൊല്ലി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, മാനന്തവാടി തഹസില്‍ദാര്‍ പി.യു സിത്താര, തലപ്പുഴ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍- ചാര്‍ജ് ഡോ. വി പ്രദീപ്, അധ്യാപകര്‍, എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.