കാഞ്ഞിരപ്പള്ളി ബൈപാസ് : കിഫ്ബി അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കാഞ്ഞിരപ്പള്ളി: നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടന്നുവരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് കിഫ്ബി അധികൃതര്‍ സന്ദര്‍ശിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടക്കുന്നുണ്ടെന്ന് പരിശോധനയ്ക്കു ശേഷം അധികൃതര്‍ പറഞ്ഞു. ബൈപാസിന്റെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ പുതിയ രൂപരേഖ ചെന്നൈ ഐഐടിയില്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ അനുമതി ലഭ്യമാകുമെന്നും മണ്ണ് പരിശോധന നടത്തിയ ശേഷമുള്ള മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ രൂപരേഖ സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ബൈപാസ് നിർമാണപ്രവർത്തനങ്ങൾ പൂതക്കുഴിയില്‍ നിന്നു മുന്‍പ് ആരംഭിച്ചിരുന്നു. ബൈപാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മണ്ണെടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇരുവശത്തു നിന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്നു കഴിഞ്ഞ മാസം നിർമാണം നിര്‍ത്തിവച്ചിരുന്നു.
മഴ മാറിയതോടെ വീണ്ടും നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും പാറകള്‍ പൊട്ടിച്ചു നീക്കുന്ന ജോലികളുമാണ് നടന്നു വരുന്നത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണ ജോലികള്‍ ഏറ്റെടുത്തു നടത്തുന്നത്.
2025 മാര്‍ച്ച് മൂന്നിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ പാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്പിലെ വളവില്‍ നിന്നാരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്.