മുതലപ്പൊഴി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണം

Feb 10, 2026
മുതലപ്പൊഴി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണം

മുതലപ്പൊഴിയിലെ അപകടത്തിൽ ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം നടപ്പ് സാമ്പത്തിക വർഷം തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, മത്സ്യബന്ധന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ഹർജികൾ പരി​ഗണിക്കവേ കമ്മീഷൻ ചെയർമാൻ എ.എ റഷീ​ദ് ആണ് നിർദ്ദേശം നൽകിയത്. ധനസഹായം നൽകുന്നതിനുള്ള മത്സ്യബന്ധന വകുപ്പിന്റെ നിർദ്ദേശം ദുരന്ത നിവാരണ വകുപ്പിന്റെ പരിഗണനയിലാണെന്ന് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരുന്നതായും ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ അറുപത് ശതമാനവും പൂർത്തീകരിച്ച് കഴിഞ്ഞതായും ഫെബ്രുവരി അവസാനത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ കമ്മീഷൻ മുമ്പാകെ അറിയിച്ചു. മൺസൂണിന് മുമ്പ് ഡ്രഡ്ജിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച് അഴിമുഖം പൂർണ്ണമായും അപകടരഹിതമാക്കുവാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് തീരദേശ പോലീസ് മേധാവി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്ത് പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാഭരണകൂടത്തിന് നിർദ്ദേശം നൽകി.