അമ്മുവിന് സ്വന്തമായി വീടൊരുക്കി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിന് നന്ദി പറഞ്ഞ് കുടുംബവും നാട്ടുകാരും
കണ്ണൂർ: സെറിബ്രൽ പാൾസി രോഗം ബാധിച്ച് ദുരിതത്തിലായ കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അക്ഷര (അമ്മു, 13 )യ്ക്ക് വീടൊരുക്കി പ്രവാസി വ്യവസായിയും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ. അതോടൊപ്പം ഇവരുടെ ബാങ്കിലുള്ള കടബാധ്യതയും അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ ഏറ്റെടുത്തു.
രോഗബാധിതയായ അമ്മുവിന്റെ വർഷങ്ങളായുള്ള ചികിത്സയെ തുടർന്ന് ദുരിതത്തിലായ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ അദീബ് അഹമ്മദ് ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ തയ്യാറാകുകയായിരുന്നു. തുടർന്ന് ഫൗണ്ടേഷൻ ഭാരവാഹികളെ ചെറുപുഴയിൽ എത്തിച്ച് വിവരങ്ങൾ മനസിലാക്കി ഇവർക്ക് വീട് വെച്ച് നൽകാനുള്ള ഉദ്യമം ഏറ്റെടുക്കയും ചെയ്തു.
അമ്മുവിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കടം ആകുകയും, മരപ്പണിക്കാരനായ പിതാവ് സുരേഷ് പരിക്കേറ്റ് ചികിത്സയിലാകുകയും ചെയ്തതോടെ നേരത്തെ നിർമ്മാണം ആരംഭിച്ച ഇവരുടെ വീടിന്റെ പണി നിലയ്ക്കുകയും ചെയ്തിരുന്നു. 2024 മേയ് മാസത്തിലാണ് അമ്മുവിന്റെ ദുരിതത്തെക്കുറിച്ചുള്ള മാധ്യമ വാർത്ത അദീബ് അഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടത്. 2024 ജൂൺ മാസത്തിൽ നിർമ്മാണ പ്രവർത്തനം അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ ഏറ്റെടുത്തു. രണ്ട് മുറിയും , ഒരു അടുക്കളയും മാത്രമായി നിർമ്മാണം ആരംഭിച്ചിരുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനം അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി സിറ്റൗട്ട്, ഹാൾ , അടുക്കള, മൂന്ന് മുറികൾ , മുന്നിലേക്ക് ഷീറ്റ് കെട്ടി ഇറക്കി വീൽ ചെയറിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യവും അതിനോടൊപ്പം ചുറ്റുമതിൽ ഉൾപ്പെടെ നിർമ്മിച്ച് വീട് അടച്ചുറപ്പുള്ള സുരക്ഷിത മന്ദിരമാക്കുകയും ചെയ്തു.
ജൻമനാ സെറിബ്രൽ പാൾസി രോഗത്തെ തുടർന്ന് പരസഹായമില്ലാതെ നടക്കാനോ മറ്റും കഴിയാത്ത സ്ഥിതിയിലാണ് അമ്മുവിന്റെ ജീവിതം. അമ്മുവിന്റെ അമ്മ സുഷമ അടുത്തുള്ള സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. സുഷമയുടെ അമ്മയും ഇവരുടെ കൂടെയാണ് താമസം. അമ്മുവിന് വീടിന് അകത്ത് ഉൾപ്പെടെ വീൽ ചെയറിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവും പുതിയ വീട്ടിലൊരുക്കിയിട്ടുണ്ട്.
2025 ജനുവരി 19 ന് നാട്ടുകാർ ഉത്സവാന്തരീക്ഷത്തിൽ ഏറ്റെടുത്ത ഗൃഹപ്രവേശന ചടങ്ങിൽ വെച്ച് അദീബ് അഹമ്മദിന്റെ സെക്രട്ടറി സനീർ പി.എയും ഫൌണ്ടേഷൻ പ്രതിനിധി വിജു അസീസും ചേർന്ന് വീടിന്റെ താക്കോൽ അമ്മുവിനും കുടുംബത്തിനും കൈമാറി. തുടർന്ന് പാലുകാച്ചി കുടുംബം താമസം ആരംഭിക്കുകയായിരുന്നു. ചെറുപുഴ ചുണ്ട റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആയ രാജു ചുണ്ട, വിശ്വനാഥൻ കെ വി, രാജൻ കെ, ബേബി എൻ ജെ, വിജേഷ് കണ്ടതിൽ തുടങ്ങിയവരും നാട്ടുകാരും സന്നിഹിതനായിരുന്നു
അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ തങ്ങൾക്ക് പുതിയൊരു ജീവിതമാണ് സമ്മാനിച്ചതെന്ന് അമ്മുവിന്റെ മാതാവ് സുഷമ പറഞ്ഞു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദിന്റേയും, പത്നിയും റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് ഫൗണ്ടറുമായ ഷെഫീന യൂസഫലിയുടേയും നേതൃത്വത്തിലാണ് അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.. തങ്ങളുടെ പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിൽ ഇത്തരത്തിൽ അവശത അനുഭവിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ് അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ രൂപീകരിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന് കീഴിലെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ ബഹുനില മന്ദിരം ഉൾപ്പെടെ നിർമ്മിച്ച് നൽകിയിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷൻ : കണ്ണൂർ ചെറുപുഴ ചൂണ്ട സ്വദേശിനി അമ്മുവിന് അദീബ് ആൻഡ് ഷെഫീന ഫൌണ്ടേഷൻ നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ താക്കോൽ ഫൌണ്ടേഷൻ പ്രതിനിധികൾ ആയ സനീർ പി. എ.,. വിജു അസീസ് എന്നിവർ ചേർന്ന് അമ്മുവിന്റെ മാതാപിതാക്കൾക്ക് കൈമാറുന്നു.