അക്ഷയക്ക് നിയമ പരിരക്ഷ ഉറപ്പാക്കണം: എ.കെ.എം അഷറഫ് എം എൽ എ
കേരള സംസ്ഥാനത്തിന് അഭിമാനമായി മാറിയ അക്ഷയ പദ്ധതിയെ സംരക്ഷിക്കാൻ അക്ഷയക്ക് നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് എ. കെ.എം അഷറഫ് എം എൽ എ അഭിപ്രായപ്പെട്ടു. കാസർഗോഡ്, കാഞ്ഞങ്ങാട് വെച്ചു നടന്ന സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (ഫേസ് ) ന്റെ അർദ്ധ വാർഷിക സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് അക്ഷയ സംരംഭകർ ഉയർത്തുന്ന ആവശ്യങ്ങൾ ന്യായമാണെന്നും ഒരു പഴയ അക്ഷയ സംരംഭകൻ എന്ന നിലയിൽ എന്നും കൂടെ ഉണ്ടാവുമെന്നും അദ്ദേഹം സംരംഭർക്ക് ഉറപ്പ് നൽകി. യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ തുടക്കത്തിൽ തന്നെ ഒരു ഗുഡ് ന്യൂസ് അക്ഷയ സംരംഭകർക്ക് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷനായിരുന്നു. ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിച്ചു. ഫേസ് ട്രഷറർ സി വൈ നിഷാന്ത് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ അക്ഷയ സംരംഭകരിൽ നിന്നും വിജയിച്ച് ജനപ്രതിനിധികളായ സോമശേഖര ജെ.എസ്, പ്രതീഷ് ജേക്കബ് ,അസീസ് കളത്തൂർ, കമലാക്ഷി കെ എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.ബിജു കോഴിക്കോട്, അബ്ദുൾ നസീർ ആലപ്പുഴ, പ്രദീപ് പാലക്കാട്, സുദിൽ മുണ്ടാണി തുടങ്ങിയവർ സംസാരിച്ചു. ഫേസ് ജില്ലാ പ്രസിഡന്റ് പി.ഡി.എ റഹ്മാൻ സ്വാഗതവും സെക്രട്ടറി പ്രമോദ് കെ റാം നന്ദിയും പറഞ്ഞു.


