100 ദിന കർമ്മ പരിപാടി: പട്ടയമേളയ്ക്ക് 11ന് തൃശൂരിൽ തുടക്കം
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള പട്ടയമേളയ്ക്ക് സെപ്റ്റംബർ 11ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടക്കുന്ന മേള റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം നൽകുന്നതിനായി റവന്യൂ വകുപ്പ് സജീവമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നടക്കുന്ന മേളയിൽ 1,059 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. രാജൻ ജെ പല്ലൻ എംഎൽഎ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. എം പിമാർ, എംഎൽഎമാർ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.


